യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ തൊഴില്‍ ആശങ്ക പരിഹരിച്ചു 

ദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്സുമാരുടെ തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്കക്ക് പരിഹാരമായി. യു.എ.ഇ ആരോഗ്യവകുപ്പിന് കീഴില്‍ ജോലി നേടണമെങ്കില്‍ മൂന്നര വര്‍ഷത്തെ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന നിയമമാണ് ആശങ്കക്ക് വഴിവെച്ചത്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ ഈ നിര്‍ബന്ധിത നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി ഉത്തരവിറങ്ങി. ഇതനുസരിച്ച്, ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി തുടരുന്ന നഴ്സുമാര്‍ക്ക് മൂന്നു വര്‍ഷത്തെ കോഴ്സ് തന്നെയാണ് യോഗ്യതയെന്നും ഉത്തരവിലുണ്ട്. 
കേരള സര്‍ക്കാരിന് കീഴിലുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ അംഗം ഡോ. ഷംഷീര്‍ വയലില്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, യു.എ.ഇ ആരോഗ്യ വകുപ്പ് എന്നിവയുമായി ചേര്‍ന്ന് മാസങ്ങളായി നടത്തിയ നടപടികളുടെ ഭാഗമായാണ് ആശ്വാസകരമായ ഈ തീരുമാനം. 
മൂന്ന് വര്‍ഷത്തെ നഴ്സിങ് കോഴ്സ് കഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഴയതു പോലെ ലൈസന്‍സ് പുതുക്കാം. നേരത്തെ ഇന്ത്യയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കി രജിസ്റ്റേഡ് നഴ്സ് (ആര്‍.എന്‍) എന്ന വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരായിരുന്നു ഇവര്‍. എന്നാല്‍, പിന്നീട് ഇവരെ മൂന്നര വര്‍ഷത്തെ കോഴ്സ് ഇല്ളെന്ന് ആരോപിച്ച് പ്രാക്ടിക്കല്‍ നഴ്സ് (പി.എന്‍) എന്ന വിഭാഗത്തിലേക്ക് തരം താഴ്ത്തിയെന്നായിരുന്നു പരാതി.  ഇപ്രകാരം തരം താഴ്ത്തപ്പെട്ടവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതായും നഴ്സുമാര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ നഴ്സിങ് സ്ഥാപനങ്ങളില്‍ നിന്ന് 1986-2006 കാലഘട്ടങ്ങളില്‍ നഴ്സിങ് ഡിപ്ളോമ പഠിച്ചിറങ്ങിയ ആയിരങ്ങളാണ് ഇതുമൂലം വെട്ടിലായത്. നിലവില്‍ യു.എ.ഇയിലെ സര്‍ക്കാര്‍ നഴ്സുമാരില്‍ വലിയൊരു ശതമാനം ഇക്കാലയളവില്‍ കോഴ്സ് പഠിച്ചിറങ്ങി ജോലി ലഭിച്ചവരാണ്. മാത്രവുമല്ല, അക്കാലയളവില്‍ മൂന്ന് വര്‍ഷത്തെ കോഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് മൂന്നര വര്‍ഷവും അതില്‍ അധികവുമുള്ള നഴ്സിങ് കോഴ്സുകള്‍ ഇന്ത്യയില്‍ തുടങ്ങിയത്. 
പുതിയ ഉത്തരവനുസരിച്ച് യു.എ.ഇ ആരോഗ്യവകുപ്പിന് കീഴിലുള്ള 15ഓളം സര്‍ക്കാര്‍ ആശുപത്രികളിലെ 1500 ലധികം വരുന്ന മലയാളി നഴ്സുമാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മൂന്നര വര്‍ഷത്തെ കോഴ്സ് നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തത വരേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലേതിനേക്കാള്‍ ഇരട്ടിയിലധികം പേര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനിടെ, യു.എ.ഇ ആരോഗ്യവകുപ്പ് നല്‍കിയ പ്രത്യേക ഇളവ് സന്തോഷകരവും ഏറെ അഭിനന്ദനീയവുമാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം പറഞ്ഞു. സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് കൂടി ഇതിന്‍െറ പ്രയോജനം ഉറപ്പാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.