അറബ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഭീകരതയും വിദേശ ഇടപെടലുകളും- ശൈഖ് ഖലീഫ

അബൂദബി: ഭീകരതയുടെ വളര്‍ച്ചയും വൈദേശിക ഇടപെടലുകളും മൂലം അറബ് മേഖല യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങളും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ഭീകരതയും വൈദേശിക ഇടപെടലുകളും മൂലമുള്ള സംഘര്‍ഷങ്ങള്‍ നാശത്തിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രതിരോധിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമുള്ള താല്‍പര്യവും ദൃഢനിശ്ചയവും മുന്നോട്ടുവെക്കേണ്ട ചരിത്രപരമായ സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ സായുധ സേനയുടെ ഏകീകരണത്തിന്‍െറ 40ാം വാര്‍ഷികത്തിന്‍െറ ഭാഗമായി സൈനിക- സ്ട്രാറ്റജിക് ജേണലായ ‘നാഷന്‍ ഷീല്‍ഡി’നോട് സംസാരിക്കുകയായിരുന്നു ശൈഖ് ഖലീഫ. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ പോരാട്ടത്തിനുള്ള സന്നദ്ധത വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. വിജ്ഞാന വ്യാപനത്തെ തടയുന്ന ശക്തികള്‍ക്കെതിരെയും അന്വേഷണം ശക്തമാക്കും.  യമനിലുള്ള നമ്മുടെ സഹോദരന്‍മാരെ രക്ഷിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ തുടരും. യമനി മണ്ണിന്‍െറ നിയമാനുസൃത പരമാധികാരം പൂര്‍ണമായി സ്വന്തമാകുന്നത് വരെ പിന്തുണ തുടരും. അന്തസ്സാര്‍ന്ന ജീവിതത്തിനും മാതൃരാജ്യത്തിന്‍െറ പുനര്‍നിര്‍മാണത്തിനും യമനി ജനതയെ പ്രാപ്തരാക്കും.  ഇസ്ലാമിന്‍െറ മൂല്യങ്ങളും സഹിഷ്ണുതയുടെ തത്വങ്ങളും വ്യാപിപ്പിക്കുന്നതിന് ബുദ്ധിജീവികളും പണ്ഡിതന്‍മാരും പരിശ്രമിക്കണമെന്നും ശൈഖ് ഖലീഫ പറഞ്ഞു.
40 വര്‍ഷം മുമ്പ് സായുധ സേനയെ ഏകീകരിക്കാന്‍ കൈക്കൊണ്ട തീരുമാനം രാജ്യത്തിന്‍െറ സ്തംഭങ്ങള്‍ ശക്തമാക്കുന്നതിന് സഹായമായി.  അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും സൈന്യത്തിന് ലഭ്യമാക്കി കൊണ്ടിരിക്കുകയാണ്.  ഈ ചരിത്രപരമായ സമ്മര്‍ദത്തില്‍ തങ്ങളുടെ ജീവിതം രാജ്യത്തിനായി ബലികഴിച്ച രക്തസാക്ഷികളെ ഓര്‍മിക്കുന്നു. യമനിലെ നിയമാനുസൃത ഭരണകൂടത്തെ പുന$സ്ഥാപിക്കാനും വൈദേശിക ആധിപത്യത്തില്‍ രക്ഷിക്കാനും ദേശീയ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങള്‍ക്കിടെ രക്തസാക്ഷികളായവരെ സായുധ സേനയുടെ ഏകീകരണ ദിനത്തില്‍ ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.