സ്വര്‍ണ നൂലില്‍ നെയ്ത  വിസ്മയത്തിന്‍െറ പേരാണ് ‘കിസ്വ’

മക്ക: വിശുദ്ധ കഅ്ബയെ പുതപ്പിച്ച സ്വര്‍ണ നൂലില്‍ നെയ്തെടുത്ത കറുത്ത പുതപ്പ് ഹറമിലത്തെുന്ന വിശ്വാസികളുടെയെല്ലാം കണ്ണിലുടക്കുന്ന കാഴ്ചകളിലൊന്നാണ്. സൂര്യന് താഴെ മേലാപ്പില്ലാതെ പ്രദക്ഷിണ മുറ്റത്തിന്‍െറ ഹൃദയഭാഗത്ത് നില്‍ക്കുന്ന കഅ്ബക്കു മുകളിലെ കറുപ്പ് തുണിയില്‍ വെയില്‍ പതിക്കുമ്പോള്‍ സ്വര്‍ണ നിറത്തിന് കൂടുതല്‍ തിളക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ആ ദൃശ്യം വിശ്വാസികളുടെ മനസ്സിനെ അത്രമേല്‍ കീഴടക്കുന്നത്. നിരവധി തൊഴിലാളികളുടെ കരവിരുതില്‍ ഒരു വര്‍ഷമെടുത്ത് പൂര്‍ത്തിയാകുന്ന കിസ്വ നാളെ അറഫ ദിനത്തില്‍ കഅ്ബയെ പുതപ്പിക്കും. ഇതിനായി നിര്‍മാണം പൂര്‍ത്തിയായ കിസ്വ ഫാക്ടറി ജനറല്‍ മാനേജര്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജൗദ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസലിന് കൈമാറി. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഡോ. സ്വാലിഹ് ബിന്‍ സൈന്‍ അല്‍ ആബിദീന്‍ അല്‍ശൈബി ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി. കഅ്ബയുടെ അകത്തെ ചുമരുകള്‍ അലങ്കരിക്കുന്നത് പച്ചപ്പട്ടും പുറത്ത് കറുത്ത ചായം പൂശിയ പട്ടുനൂലില്‍ നെയ്തെടുക്കുന്ന തുണികൊണ്ടുമാണ്. പുതിയത് വരുന്നതോടെ പഴയത് മുറിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്മാനമായി നല്‍കും. മക്കക്ക് സമീപം ഉമ്മുല്‍ ജൂദിലെ ഫാക്ടറിയാണ് പണിപ്പുര. അടുത്ത വര്‍ഷം പുതക്കാനുള്ള കിസ്വയുടെ നിര്‍മാണം ഇപ്പഴേ തുടങ്ങിയിരിക്കുന്നു. ഹജ്ജിന് മുന്നോടിയായി ഫാക്ടറി കാണാനും കൗതുക കാഴ്ചകള്‍ പകര്‍ത്താനും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരത്തെുന്നു. കഅ്ബയുടെ താക്കൊല്‍ സൂക്ഷിപ്പുകാരായ ശഅബി കുടുംബത്തിന് സൗദി ഭരണാധികാരി പട്ട് കൈമാറുന്നതോടെയാണ് നിര്‍മാണ പ്രര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പട്ട് കൊണ്ടുവരുന്നത്. നിരവധി തവണ കഴുകി മെഴുക് കളഞ്ഞ ശേഷമാണ് പട്ട് നിര്‍മാണത്തിനെടുക്കുക. ഏകദേശം 760 കിലോ പരുക്കന്‍ പട്ട് കറുത്ത ചായം പൂശിയാണ് കിസ്വക്ക് കറുത്ത വര്‍ണം നല്‍കുന്നത്. ലോകത്തിലെ തന്നെ വലിയ നെയ്ത്തു യന്ത്രങ്ങളിലൊന്നിന്‍െറയും നിരവധി തുന്നല്‍ വിദഗ്ധരുടെയും സഹായത്തോടെയാണ് കിസ്വ പല ഘട്ടങ്ങളിലായി തയാറാവുന്നത്. 200ലധികം തൊഴിലാളികളാണ് ഇതിന്‍െറ പണിപ്പുരയിലുള്ളത്. 78 പേര്‍ അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ മാത്രമുണ്ട്. വിശുദ്ധ ഖുര്‍ആന്‍െറ വചനങ്ങളാണ് സ്വര്‍ണം പൂശിയ നൂലില്‍ തുന്നി ചേര്‍ക്കുന്നത്. 120 കിലോ സ്വര്‍ണം ഇതിനായി ഉപയോഗിക്കുന്നു. 14 മീറ്റര്‍ നീളമുള്ള 16 കഷ്ണങ്ങളായി നിര്‍മിക്കുന്ന തുണികള്‍ കൂട്ടിയോജിപ്പിക്കുന്നത് അവസാന ഘട്ടത്തിലാണ്. കഅ്ബയുടെ വാതിലിന് മുകളില്‍ തൂക്കുന്ന പുതപ്പിന് മാത്രം അഞ്ചു കഷ്ണങ്ങളുപയോഗിക്കുന്നു. കിസ്വ എല്ലാ ഹജ്ജിന് മുമ്പും മാറ്റുന്നു. നേരത്തേ ഈജിപ്തുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇത് തയാറാക്കിയിരുന്നത്. എന്നാല്‍ 1927ലാണ് സൗദിയില്‍ നിര്‍മിച്ചു തുടങ്ങിയത്. ഉമ്മുല്‍ ജൗദിലുള്ള ഫാക്ടറി 1976ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മുന്‍കൂട്ടിയുള്ള അനുമതിയോടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.