പ്രവാസി മങ്കമാര്‍ക്ക് പ്രിയം  കസവ് സാരികള്‍ തന്നെ

ദുബൈ: ലോകത്തിന്‍െറ ഏതു കോണിലായാലും ഓണത്തിന് കസവ് സെറ്റ് സാരിയുടുക്കുക എന്നുള്ളത് മലയാളി സ്ത്രീയുടെ ശീലങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ ഉത്രാടം അടുത്തത്തെിയതോടെ യു.എ.ഇയിലെ  ഇന്ത്യന്‍ തുണിക്കടകളില്‍ മലയാളികളുടെ തള്ളിക്കയറ്റമാണ്. ഓണത്തിന്‍െറ അഭിവാജ്യ ഘടകങ്ങളിലൊന്നായ കസവുസാരിക്ക് പുതിയ നിറങ്ങളും വ്യത്യസ്തമായ പാറ്റേണുകളും നല്‍കി പുതുമ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കച്ചവടക്കാരും. ടിഷ്യു മെറ്റീരിയലുകളിലുള്ള ഹാന്‍ഡ് ലൂം, പവര്‍ ലൂം നിര്‍മിത സാരികളാണ് പ്രധാനമായും ഗള്‍ഫ് വിപണിയിലുള്ളത്. 

കസവ്കളര്‍ സാരിയും കസവ് പ്ളയിന്‍ സാരിയും കസവ് കളര്‍ സെറ്റും തഴപ്പായുടെ ഡിസൈനില്‍ ബോര്‍ഡര്‍ തീര്‍ത്തിരിക്കുന്ന സെറ്റ് മുണ്ടും വിപണിയില്‍ എത്തിയിട്ടുണ്ട്. അമ്പത് മുതല്‍ 800 ദിര്‍ഹം വരെയാണ് ശരാശരി സാരിയുടെ വില. പ്രധാനമായും കേരളം,തമിഴ്നാട്,ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് തന്നെയാണ് വസ്ത്രങ്ങള്‍ യു.എ.ഇ യില്‍ എത്തിയത് .

 കൈത്തറിയിലുള്ള കോട്ടണ്‍ കസവുസാരിക്കാണ് ഓണവിപണിയില്‍ ഡിമാന്‍റ്.  പരമ്പര്യ തനിമക്കൊപ്പം പുത്തന്‍ ഡിസൈനുകളും കസവുപുടവകളില്‍ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. കസവിന്‍െറ വീതിക്കും ഗുണമേന്മക്കുമനുസരിച്ചാണ് സാരിയുടെ വില. സാരികളില്‍ ചെറിയ കരകളും  ചിത്രപ്പണികളുമുള്ളവയെല്ലാം കൈത്തറിയില്‍ തുന്നിയെടുക്കുന്നവതന്നെയാണ്. സാരിയുടെ മുന്താണികളില്‍ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മ്യൂറല്‍പെയിന്‍റ് ചെയ്തവക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന്  വ്യാപാരികള്‍ പറയുന്നു.മുന്താണിയില്‍ പീലിവിടര്‍ത്തിയാടുന്ന മയിലും കുതിച്ചുപായുന്ന ചുണ്ടന്‍വള്ളങ്ങളും കെട്ടുവള്ളങ്ങളും നിറഞ്ഞുനില്‍ക്കുകയാണ്. മള്‍ട്ടി കളര്‍ കസവുകളാണ് മറ്റൊരു പ്രത്യേകത. സ്വര്‍ണ കസവിനൊപ്പം വിവിധ നിറങ്ങള്‍ ഇഴചേരുന്ന സാരി ബോര്‍ഡറുകള്‍ പുതുമ വിളിച്ചോതുന്നു. 

ശ്രീകൃഷ്ണലീലയും പുരാണകഥാസന്ദര്‍ഭങ്ങളും ക്ഷേത്രകലാരൂപങ്ങളും മനം മയക്കും ഡിസൈനുകളാണ്. കൂടാതെ ഓണത്തെ അനുസ്മരിപ്പിക്കുന്ന  പുഷ്പസംബന്ധിയായ   ഡിസൈനുകളും മറക്കുട ചൂടിയ നമ്പൂതിരി സ്ത്രീയും മോഡേണ്‍ പെയിന്‍റിങ്ങുകളും വരെ സാരിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്റ്റണ്ണിങ് സ്റ്റിച്ചീസ് എന്ന പേരില്‍ പ്രമുഖ വ്യാപാരികള്‍ ഇറക്കിയിട്ടുള്ള  മ്യൂറല്‍ ഡിസൈനോടുകൂടിയ കസവുസാരികള്‍ പ്രധാന ആകര്‍ഷണമാണ്.  150 മുതല്‍ 1,700 ദിര്‍ഹം വരെ വിലയുള്ള ലിമിറ്റഡ് എഡിഷന്‍  സ്റ്റണ്ണിങ് സ്റ്റിച്ചീസിന് മലയാളികള്‍ക്കിടയില്‍ നല്ല  സ്വീകാര്യതയാണെന്ന് വ്യാപാരികള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT