ദുബൈ: വ്യത്യസ്ത അപകടങ്ങളിലായി ഗുരുതര പരിക്കേറ്റ രണ്ടു മലയാളികൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. രണ്ടുപേർക്കുമായി 11 ലക്ഷം ദിർഹമാണ് (2.20 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ വിധിയായത്. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് ആറു ലക്ഷം ദിർഹം ലഭിക്കുക. ജോലി സംബന്ധമായി യാത്ര ചെയ്യവെ, ദുബൈ ജബൽ അലിക്ക് സമീപത്തുവെച്ചാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്.
തലക്കും മുഖത്തിനും സാരമായി പരിക്കേറ്റ ഷെരീഫിന്‍റെ നില ഗുരുതരമായിരുന്നു. ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷരീഫ് സാധാരണ നിലയിലേക്ക് വരാൻ ദിവസങ്ങളെടുത്തു. അപകടം മൂലം ഇടതു കണ്ണിന്‍റെ കാഴ്ചക്ക് സാരമായി പരിക്കേറ്റിരുന്നു. ചികിത്സ തുടവരെ അഡ്വ. ഫെമിൻ പണിക്കശ്ശേരി മുഖേന അബ്ദുല്ല അൽ നഖ്‌ബി അഡ്വക്കേറ്റ്സ് വഴി കേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരം ഹർജിക്കാരന്‍റെ അപകടം മൂലമുണ്ടായ അവശതകളെ പറ്റി ഒരു ഡോക്ടർ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു.
ഈ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് കോടതി വിധി. വിധി വന്ന തീയതി മുതൽ ഒമ്പതു ശതമാനം പലിശ സഹിതം ഇൻഷുറൻസ് കമ്പനിയോട് നഷ്ടപരിഹാരം നൽകാനാണ് വിധി. കോട്ടയം സ്വദേശി കെ.ഡി. സജിലിന് അഞ്ചു ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാനും കോടതി വിധിച്ചു. 2020 ജനുവരിയിലാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്. സൈക്കിളിൽ ജോലിക്ക് പോകുന്നതിനിടെ സജിലിന്‍റെ ദേഹത്ത് ഷാർജ സഫീർ മാർക്കറ്റിനു സമീപത്ത് വെച്ച് പിക്ക് അപ്പ് ഇടിക്കുകയായിരുന്നു.
മുഖത്തും വാരിയെല്ലുകൾക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ ഏതാനും പല്ലുകളും നഷ്ടപ്പെട്ടിരുന്നു. അഡ്വ. ഫെമിൻ പണിക്കശ്ശേരി വഴി ഫയൽ ചെയ്ത ഹരജിയിലാണ് ഇദ്ദേഹത്തിനും വിധി ലഭിച്ചത്. ലുലു ഗ്രുപ്പിൽ ഷെഫ് ആയി ജോലിയെടുക്കുകയായിരുന്നു സജിൽ. കോടതി വിധിയിൽ സംന്തുഷ്ടരാണെന്നും തൊഴിലുടമയായ ലുലു ഗ്രൂപ്പിന്‍റെ സഹായം വിസ്മരിക്കാനാവില്ലെന്നും സജിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.