ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് 25 ഫിൽസ് താരിഫ് ഈടാക്കുന്ന നടപടി എമിറേറ്റിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരും. കൂടുതൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണം കുറക്കുന്നതിന് താരിഫ് ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ താരിഫിലൂടെ പുനരുപയോഗപ്രദമല്ലാത്ത സഞ്ചികളുടെ ഉപയോഗം പൊതുജനങ്ങൾക്കിടയിൽ കുറച്ചുകൊണ്ടുവരാനാണ് ശ്രമം. പിന്നീട് ഇത്തരം കവറുകളുടെ ഉപയോഗം പൂർണമായും നിരോധിക്കും. പ്ലാസ്റ്റിക് അല്ലാത്ത സഞ്ചികളും താരിഫ് പരിധിയിൽ ഉൾപ്പെടുമെന്ന് ദുബൈ മുനിസിപ്പാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും നിർബന്ധിത താരിഫ് ബാധകമാകും. എന്നാൽ, പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം എന്നിവയുടെ പാക്കിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾക്ക് താരിഫ് ബാധകമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന കാരിബാഗുകൾക്ക് മാത്രമാണിത് ബാധകം. എല്ലാ സ്റ്റോറുകളും ചാർജ് ഈടാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സ്റ്റോറുകൾക്ക് പുനരുപയോഗിക്കാവുന്ന ബദലുകൾക്ക് വ്യത്യസ്ത താരിഫ് ഇടാക്കാവുന്നതാണ്. സൗജന്യമായി കവറുകൾ നൽകാൻ സ്റ്റോറുകൾക്ക് ബാധ്യതയില്ല. ഉപഭോക്താക്കളുടെ സ്വഭാവത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്ന രൂപത്തിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമായിരിക്കും.
വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി നടപടി സ്വീകരിച്ചത്. പരിസ്ഥിതി ആഘാതം കുറക്കാൻ ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലും സമാനമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.