ഷാർജ: അറബ് നാഗരികതയുടെ സുവർണതാളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ടതാണ് ഷാർജയുടെ ഓരോ ചുവടുവെപ്പുകളും. സാംസ്കാരിക വിപ്ലവത്തിലൂടെ രാജ്യത്തെ എങ്ങനെ ലോകത്തിൻറന്റെ നെറുകയിലെത്തിക്കാമെന്ന് ക്രിയാത്മകമായി കാണിച്ചുകൊടുത്ത സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവിക്ഷണമാണ് ഇതിന് കാരണം. ശൈഖ് സുൽത്താൻ ഷാർജയുടെ സാംസ്കാരിക സിംഹാസനത്തിലെത്തിയിട്ട് ഇന്ന് അരനൂറ്റാണ്ട് പൂർത്തിയാകുന്നു.
1972 ജനുവരി 25ൽനിന്ന് 2022 ജനുവരിയിലേക്കുള്ള ഷാർജയുടെ ജൈത്രയാത്ര സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും പുരോഗതികൾ കൈവരിച്ചുകൊണ്ടായിരുന്നു. കോൺക്രീറ്റ് വിപ്ലവം കൊണ്ട് മാത്രം രാജ്യം പുരോഗതി ആർജിക്കുകയില്ലായെന്നും വളർന്നുവരുന്ന തലമുറ അറിവും തിരിച്ചറിവും നേടണമെന്നും അതിനായി വിദ്യാലയങ്ങൾ ഉയർന്നുവരണമെന്നുമുള്ള ശൈഖ് സുൽത്താന്റെ ചിന്താധാരയാണ് ഇന്ന് കാണുന്ന, ലോകത്തിെൻറ നെറുകയിലെത്തിയ ഷാർജ. ഷാർജയുടെ പുരോഗതിയുടെ ഓരോ അതിരുകളിലും സസ്യലതാദികൾ വളർന്നു പന്തലിച്ചു. വിദ്യാഭ്യാസ പുരോഗതി ഷാർജ സർവകലാശാലയായും അൽ ഖാസിമി യൂനിവേഴ്സിറ്റിയായും വളർന്നു. ഉപനഗരങ്ങളിൽ ഇവയുടെ ബ്രാഞ്ചുകൾ ഉയർന്നുവന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതൽ സർക്കാർ വകുപ്പുകൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് ഷാർജയിലാകാൻ പ്രധാന കാരണം സ്ത്രീവിദ്യാഭ്യാസത്തിന് സുൽത്താൻ കൊടുത്ത പ്രഥമ പരിഗണനയാണ്. ഭരണത്തിലെത്തിയ പത്താം വർഷികത്തിൽ, 1982ലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ശൈഖ് സുൽത്താൻ തുടക്കം കുറിച്ചത്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാർജയിലേത്. യുനെസ്കോ ലോകപുസ്തക തലസ്ഥാനമായി ഷാർജയെ അംഗീകരിച്ചതും ആദരിച്ചതും ഈ സാംസ്കാരിക വെളിച്ചം കണ്ടായിരുന്നു. പ്രസാധകർക്കും എഴുത്തുകാർക്കും ഇത്രയധികം പിന്തുണ ലഭിക്കുന്ന വേറെ ഏത് പ്രദേശമുണ്ട്. കവിതയും സംഗീതവും പൂത്തുലയുന്ന നിരവധി പ്രദേശങ്ങൾ ഷാർജയിലുണ്ട്. ഇവിടങ്ങളിലൂടെ സഞ്ചരിച്ചാൽ വായനശാലകൾ മാടിവിളിക്കും. വീടകങ്ങൾ വായനശാലകളാക്കി വളർത്തിയെടുക്കാനുള്ള ശൈഖ് സുൽത്താെൻറ നിർദേശം ലോകം കൊതിയോടെയാണ് കാതോർത്തത്. കുട്ടികളിലെ നൈസർഗിക വാസന വളർത്തിയെടുക്കാനും തിന്മയുടെ പാതകളിലേക്ക് അവർ ഇറങ്ങാതിരിക്കാനുമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനോത്സവം നാളെയുടെ ശുഭപ്രതീക്ഷയാണ്.
'എന്റെ സഹോദരൻ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഭരണനേതൃത്വത്തിൽ 50 വർഷം പിന്നിടുന്നു. യൂനിയന്റെ തൂണുകളിൽ ഒരാളാണ് സുൽത്താൻ. ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ അദ്ദേഹമൊരു സർവകലാശാലയാണ്. രാജ്യത്ത് മനുഷ്യസേവന പ്രവർത്തനങ്ങളിലെ നേതാവാണ്. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം രക്ഷനൽകട്ടെ'
-ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം (യു.എ.ഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ദുബൈ ഭരണാധികാരി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.