അബൂദബി: ദുബൈ, അബൂദബി എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പാതയുടെ സിവില്‍ വര്‍ക്ക് പാക്കേജുകള്‍ രൂപകല്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള കരാറിനായി സെപ്റ്റംബര്‍ 11നകം പ്രീക്വാളിഫിക്കേഷന് ഫോമുകള്‍ സമര്‍പ്പിക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ട് ഇത്തിഹാദ് റെയില്‍. ജൂലൈയിലാണ് ഇത്തിഹാദ് റെയില്‍ പ്രീക്വാളിഫിക്കേഷന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
ആഗസ്റ്റ് 14നായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി. ഇതാണ് സെപ്റ്റംബര്‍ 11 വരെ നീട്ടിയത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് റെയില്‍പാത നിര്‍മിക്കുക. ട്രെയിനുകള്‍ 320 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. നാലു ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്കും പാത പിന്നീട് നീട്ടും. അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ട പാത 2030ഓടെ പ്രവര്‍ത്തന സജ്ജമാവും.
രണ്ടാം ഘട്ടത്തില്‍ അബൂദബി നഗരത്തില്‍ ആഭ്യന്തര റെയില്‍ശൃംഖല തീര്‍ക്കും. മൂന്നാം ഘട്ടത്തില്‍ അബൂദബിയെയും അല്‍ ഐനെയും ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല പൂര്‍ത്തീകരിക്കും. നാലാം ഘട്ടത്തില്‍ ദുബൈയിയേയും ഷാര്‍ജയേയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തിയാക്കും. അബൂദബിയിലെ അല്‍ സഹീയയില് നിന്ന് ദുബൈയിലെ അല്‍ ജദ്ദാഫ് വരെ നീളുന്ന 150 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്.
ഈ പാതയില്‍ അല്‍ സഹിയ (എഡിറ്റി), സഅദിയാത്ത് ഐലന്‍ഡ് (എ.ഡി.എസ്, യാസ് ഐലന്‍ഡ്, യാസ്), അബൂദബി എയര്‍പോര്‍ട്ട് (എ.യു.എച്ച്, അല്‍ജദ്ദാഫ്, ഡി.ജെ.ഡി) എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് ഉണ്ടാവുക. എഡിറ്റി, എ.യു.എച്ച്, ഡി.ജെ.ഡി എന്നിവ ഭൂഗര്‍ഭ സ്റ്റേഷനുകളാണ്. എ.ഡി.എസ് സ്റ്റേഷന് ഉയരത്തിലുള്ളതുമായിരിക്കും.
യാസ്, ഡി.ജെ.ഡി സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാദൂരം 30 മിനിറ്റാണ്. പ്രാഥമിക സ്ഥല പരിശോധനകൾ ഇതിനകം തുടക്കമായിട്ടുണ്ട്. ദുബൈ ആസ്ഥാനമായ മാറ്റ്കോന് ടെസ്റ്റിങ് ലബോറട്ടറിയും അബൂദബിയുടെ എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് ഇന്റര്‍നാഷനലുമാണ് മണ്ണ് കുഴിച്ചു പരിശോധന നടത്തിവരുന്നത്. സ്പാനിഷ് എന്‍ജിനീയറിങ് കമ്പനികളായ സെനറും ഇനകോയുമാണ് പദ്ധതിയുടെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.