അബൂദബി: വിവിധ ഓണപ്പരിപാടികളുമായി ആഘോഷപ്പൊലിവിലാണ് അബൂദബി. എമിറേറ്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി ആഘോഷപരിപാടികള്‍ നടന്നുവരുകയാണ്. അബൂദബി മലയാളിസമാജം ലുലുവുമായി ചേര്‍ന്ന് കാപ്പിറ്റല്‍ മാളില്‍ നടത്തിയ അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) നേതൃത്വത്തിൽ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ചെയര്മാന് സി.എ. ജോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന്, രോഹിത് ദയ്മ, പ്രിയങ്ക ബിര്‍ള എന്നിവര്‍ സംസാരിച്ചു.
ഐ.സി.എ.ഐ അബൂദബി ചാപ്റ്റര്‍ മുന്‍കാല ചെയര്മാന്മാരായ സി.എ. പത്മനാഭ ആചാര്യ, ആശിഷ് ഭണ്ഡാരി, നീരജ് റിട്ടോലിയ എന്നിവരും പങ്കെടുത്തു. പരമ്പരാഗത ഓണവസ്ത്രങ്ങള്‍ ധരിച്ച് 350ലധികം അംഗങ്ങളും അതിഥികളും ആഘോഷത്തിന് മിഴിവേകി. തിരുവാതിര, കുട്ടികളുടെ നൃത്തം, അർധ ക്ലാസിക്കല്‍ നൃത്തം, ഗാനാലാപനം, ചെണ്ടമേളം, ശിങ്കാരിമേളം, മഹാബലി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
അബൂദബി മലയാളിസമാജം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാന്റ് ഓണം സദ്യ സെപ്റ്റംബര്‍ 17ന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും. രണ്ടായിരത്തിലധികം ആളുകള്‍ക്കുള്ള ഓണസദ്യയാണ് ഒരുക്കുന്നത്. ഓണം കള്‍ച്ചറല്‍ പ്രോഗ്രാമില്‍ പ്ലേ ബാക്ക് സിംഗര്‍ സുമി അരവിന്ദ്, പ്രതീപ് ബാബു, നിഖില്‍ തമ്പി എന്നിവർ പങ്കെടുക്കും.
'മധുരം പൊന്നോണം' തലക്കെട്ടില്‍ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10ന് വൈകീട്ട് നാലിന് സമാജം അങ്കണത്തില്‍ പായസമത്സരവും നടക്കും. 'മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍' വിഷയത്തില്‍ സമാജം സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍ 10ന് സമാജം അങ്കണത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. പായസം ചലഞ്ച് 24ന് നടക്കും. മുന്‍കൂട്ടി ബുക്ക് ചെയ്ത ആളുകള്‍ക്ക് ആവശ്യാനുസരണം വ്യത്യസ്ത രീതിയിലുള്ള പായസങ്ങള്‍ കൊടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.