ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ സമാപിച്ചു. ജനുവരി 17 മുതൽ ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച മേളയിൽ ആകെ 140 കോടി ദിർഹമിന്റെ ഇടപാടുകൾ നടന്നതായി സംഘാടകർ വെളിപ്പെടുത്തി.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പുമാണ് പ്രദർശനം ഒരുക്കിയത്.
പ്രദർശനം കാണുന്നതിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദർശകരും നിക്ഷേപകരും ബിസിനസുകാരും എത്തിയിരുന്നു.
മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും 93 റിയൽ എസ്റ്റേറ്റ് കമ്പനികളാണ് പ്രദർശനത്തിൽ സാന്നിധ്യമറിയിച്ചത്.
അതോടൊപ്പം റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ, ധനകാര്യ സ്ഥാപനങ്ങൾ, നിയമകാര്യ സേവനദാതാക്കൾ, സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവരുടെ സാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കി. കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കൂടുതൽ സ്ഥലമെടുത്താണ് ഇത്തവണ പ്രദർശനം ഒരുക്കിയത്.
ഇതുപയോഗപ്പെടുത്തി കമ്പനികൾക്ക് വിശദമായ പ്രദർശനംതന്നെ ഒരുക്കാൻ ഇത്തവണ സാധിച്ചു.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് 700 കരാറുകളാണ് എക്സിബിഷൻ കാലയളവിൽ ഒപ്പുവെച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിർമാതാക്കൾക്കും പുതിയ പ്രോജക്ടുകൾ പരിചയപ്പെടുത്താനുള്ള പ്ലാറ്റ്ഫോം എന്നനിലയിലാണ് പ്രദർശനം എല്ലാ വർഷവും നടന്നുവരുന്നത്. കൂടാതെ, നിക്ഷേപകർക്ക് കണ്ടുമുട്ടാനും ധാരണകളിലെത്താനും മികച്ച അവസരമാണ് മേള. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ മേളയിൽ പ്രദർശനത്തിനെത്തി.
യു.എ.ഇ, ഒമാൻ, ജോർഡൻ, ജോർജിയ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും റിയൽ എസ്റ്റേറ്റ് കമ്പനികളെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.