ദുബൈ: അടുത്ത വർഷം ആഭ്യന്തര വിമാന സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന എയർ കേരള വ്യോമയാന രംഗത്തെ രണ്ട് പ്രഫഷനലുകളെ കൂടി നിയമിച്ചു. ഓപറേഷൻസ് വൈസ് പ്രസിഡന്റായി ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ സി.എസ്. രന്ധാവയേയും സുരക്ഷ വിഭാഗം വൈസ് പ്രസിഡന്റായി ക്യാപ്റ്റൻ അശുതോഷ് വശിഷ്ടിനെയുമാണ് നിയമിച്ചതെന്ന് എയർ കേരളയുടെ ചെയർമാൻ അഫി അഹമ്മദ് അറിയിച്ചു.
കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ സി.ഇ.ഒ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യോമയാന രംഗത്തെ രണ്ട് വിദഗ്ധരെ കൂടി ടീമിൽ ഉൾപ്പെടുത്തിയത്. 48 വർഷത്തെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ സി.എസ്. രന്ധാവ വ്യോമയാന മേഖലയിലെ പ്രമുഖ സാന്നിധ്യമാണ്. ഡി.ജി.സി.എ, എയർ ഇന്ത്യ, ഇന്ത്യൻ എയർ ഫോഴ്സ്, മറ്റു ചെറുകിട എയർലൈൻസുകൾ തുടങ്ങിയയിടങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഇന്ത്യൻ എയർഫോഴ്സിന്റെ എ-2 ക്വാളിഫൈഡ് ഫ്ലൈയിങ് ഇൻസ്ട്രക്ടറുമാണ്. വ്യോമയാന സുരക്ഷയിൽ ഏറെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ അശുതോഷ് വശിഷ്ട്, ബി.സി.എ.എസ് ഉദ്യോഗസ്ഥനായി വിപുലമായ സേവനം നൽകിയിട്ടുള്ള വ്യക്തിയാണ്.
ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം വ്യോമയാന സുരക്ഷ മേഖലയിൽ ശ്രദ്ധേയമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, എയർപോർട്ട് സുരക്ഷ മാനേജ്മെന്റ്, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്.
ക്യാപ്റ്റൻ രന്ധാവയെയും ക്യാപ്റ്റൻ വശിഷ്ടിനെയും എയർ കേരള ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. അവരുടെ അനുഭവസമ്പത്തും പ്രതിബദ്ധതയും എയർ കേരളയുടെ സുരക്ഷാ, പ്രവർത്തന നിലവാരങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ രന്ധാവയും ക്യാപ്റ്റൻ വശിഷ്ടും ടീമിലെത്തുന്നത് എയർ കേരളയുടെ ഉന്നത നിലവാരത്തിലെ നിർണായക ഘടകമാകുമെന്ന് വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. ഇവരുടെ പങ്കാളിത്തം എയർ കേരളയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.