അജ്മാൻ: മലയാളം മിഷൻ അജ്മാൻ ചാപ്റ്ററിനു കീഴിൽ രൂപവത്കരിച്ച ഹാബിറ്റാറ്റ് സ്കൂൾ കുട്ടിമലയാളം ക്ലാസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അധ്യാപകർക്കുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. മലയാളം മിഷൻ ഭാഷാധ്യാപകൻ സതീഷ് കുമാർ നേതൃത്വം നൽകിയ പരിശീലനക്കളരിയിൽ ഇരുപത്തിയഞ്ചോളം അധ്യാപകർ പങ്കെടുത്തു.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിൽ ആദ്യ കോഴ്സായ കണിക്കൊന്നയുടെ നാലു ഭാഗങ്ങളിലായിരുന്നു പരിശീലനം. മലയാളം മിഷന് ക്ലബിലെ 700ഓളം വരുന്ന കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനായാണ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുന്നത്. കുട്ടികളുടെ സർഗാത്മക വളർച്ചക്കും സാഹിത്യ പോഷണത്തിനും ലളിതമായ വഴികളിലൂടെ അധ്യയനം സാധ്യമാക്കുന്ന പരിശീലനം പരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായി പുത്തൻ പാഠ്യക്രമങ്ങളും ശൈലികളും അവലംബിച്ചുകൊണ്ടായിരുന്നു ഒരുക്കിയത്.
പാട്ടുകളിലൂടെയും കളികളിലൂടെയും പഠന പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയായിരുന്നു പരിശീലനം. മലയാളം ഔദ്യോഗിക ഭാഷയാക്കിയതോടെ നാട്ടിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് ജോലിക്കും മറ്റുകാര്യങ്ങൾക്കും മലയാളം അനിവാര്യമായതിനാൽ നൂറുകണക്കിന് കുട്ടികളാണ് കുട്ടിമലയാളം പദ്ധതിയിലൂടെ ഭാഷാപ്രാവീണ്യം നേടുന്നതിനായി മലയാളം മിഷനിൽ ചേരുന്നത്.
നിലവിൽ നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. ആറു വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്സിനു (രണ്ടു വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (രണ്ടു വർഷം), ഹയർ ഡിപ്ലോമ (മൂന്നു വർഷം), സീനിയർ ഹയർ ഡിപ്ലോമ (മൂന്നു വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാം. ഈ കോഴ്സുകൾ പൂർത്തീകരിക്കുമ്പോൾ പത്താം ക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാനാവും. എല്ലാ കോഴ്സുകളും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.