അജ്മാന്: 1,792 പുതിയ കമ്പനികളുമായി കഴിഞ്ഞ വര്‍ഷം അജ്മാൻ ഫ്രീ സോൺ നിക്ഷേപം, വാണിജ്യ ലക്ഷ്യസ്ഥാനം എന്ന നിലയിൽ ശക്തമായ സ്ഥാനം കൈവരിച്ചു. 2020നെ അപേക്ഷിച്ച് നാല് ശതമാനം വളർച്ചയാണുണ്ടായത്. ഫ്രീ സോൺ നല്കുന്ന സൗകര്യങ്ങളും പ്രോത്സാഹനങ്ങളും വിദേശ നിക്ഷേപകരുടെയും കമ്പനികളുടെയും വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.
ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവൽക്കരണത്തിനും നിർണായക സംഭാവനകൾ നൽകുന്നതിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന സംവിധാനം എന്ന നിലയിൽ മികച്ച സേവനം തുടരുമെന്ന് അജ്മാൻ ഫ്രീ സോൺ അതോറിറ്റി ബോർഡ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
ലോകമെമ്പാടുമുള്ള കമ്പനികളെ ആകർഷിക്കുന്നതിന് വാണിജ്യ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും പരിഹാരങ്ങളും അനുയോജ്യമായ അന്തരീക്ഷവും അജ്മാൻ ഫ്രീ സോൺ വാഗ്ദാനം ചെയ്യുന്നത് തുടരും. പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾക്കുള്ള തന്ത്രപ്രധാനമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ അജ്മാൻ ഫ്രീ സോൺ നേട്ടം കൊയ്തതായും അദ്ദേഹം പറഞ്ഞു.
ഫ്രീ സോണിൽ 530 വെയർഹൗസുകൾ, 7,000-ത്തിലധികം ഓഫീസുകൾ, നാല് ബിസിനസ് കോംപ്ലക്സുകൾ എന്നിവയടങ്ങുന്ന വിപുലമായ ബിസിനസ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
100 ശതമാനം ഓട്ടോമേഷനും സേവനങ്ങളുടെ ഡിജിറ്റലൈസേഷനും വിജയകരമായി പൂർത്തിയാക്കാന്‍ സാധിച്ചു. 2021ൽ അജ്മാനിലെ മൊത്തം കയറ്റുമതി പ്രവർത്തനങ്ങളുടെ 22 ശതമാനവും മൊത്തം പുനര്‍ കയറ്റുമതി പ്രവർത്തനങ്ങളുടെ 24 ശതമാനവും ഫ്രീ സോൺ വഴിയായിരുന്നു.
ഫിനാൻഷ്യൽ ടൈംസിന്റെ വാർഷിക ഗ്ലോബൽ ഫ്രീ സോൺ റാങ്കിംഗിൽ ഏഴാം സ്ഥാനം കരസ്ഥമാക്കാനും അജ്മാന് ഫ്രീസോണിനു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.