ഷാർജ: സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കവി കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സദസ്സുമായും സച്ചിദാനന്ദൻ സംവദിച്ചു. കവി അനൂപ് ചന്ദ്രൻ മോഡറേറ്ററായിരുന്നു.
ആഘോഷ കമ്മിറ്റി കോഓഡിനേറ്റർ എം.സി നവാസ് ആമുഖപ്രസംഗം നടത്തി. ജനറൽ കൺവീനർ റോയ് നെല്ലിക്കോട് സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.കെ. ദിനേശൻ അധ്യക്ഷനായിരുന്നു. അക്ഷരക്കൂട്ടം അഡ്മിൻ ഷാജി ഹനീഫ് കൂട്ടായ്മയുടെ 25 വർഷത്തെ നാൾവഴികൾ വിവരിച്ചു. മറ്റൊരു അഡ്മിൻ ഇസ്മയിൽ മേലടി സിൽവർ ജൂബിലി വിവിധ പരിപാടികൾ വിശദീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചടങ്ങിന് ആശംസകൾ നേർന്നു. അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ കവിത, കഥ, ലേഖന മത്സര വിജയികൾക്കുള്ള സമ്മാനദാനവും സച്ചിദാനന്ദൻ നിർവഹിച്ചു. പ്രശസ്ത ശിൽപ്പിയും സിനിമ പ്രവർത്തകനുമായ ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം, എമിറേറ്റ്സ് എയർലൈൻ ലൈബ്രേറിയൻ ഓഫ് ദി ഇയർ അവാർഡ് നേടിയ കവി എം.ഒ. രഘുനാഥ് എന്നിവരെ ചടങ്ങിൽ അക്ഷരക്കൂട്ടം ആദരിച്ചു. ഉഷ ഷിനോജ്, അഡ്മിൻ റോജിൻ പൈനുംമൂട് എന്നിവർ സംസാരിച്ചു. അക്ഷരക്കൂട്ടം അഡ്മിൻ പ്രീതി രഞ്ജിത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.