പ്രകൃതിയെ ഹൃദയത്തോട് ചേർത്തുവെച്ച് ലോകത്തെ പലക്കുറി വിസ്മയിപ്പിച്ചിട്ടുണ്ട് ഷാർജ. ചിത്രശലഭങ്ങളുടെ ഉദ്യാനങ്ങൾ കടന്ന് മലീഹയിലെ തങ്ക കതിർ ചൂടി നിൽക്കുന്ന ഗോതമ്പു വയലുകളിലൂടെ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജലധാരകളെ നർത്തനമാടിച്ച ഷാർജ പുതിയൊരു ചുവടുവെപ്പിലാണിപ്പോൾ.
കടലിനെ കനാൽ വഴി ആനയിച്ച് അങ്ങിങ്ങായി ചിതറി കിടക്കുന്ന തടാകങ്ങളിൽ തിരകളുടെ ആന്ദോളനം തീർക്കുന്ന പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തുടക്കം കുറിച്ചു കഴിഞ്ഞു. ചരിത്ര പ്രസിദ്ധവും ഗൾഫ് മേഖലയിലെ ഏറ്റവും തിരക്ക് കൂടിയതുമായ ഖാലിദ് തുറമുഖത്തോട് ചേർന്ന അൽ ലയ്യ പ്രദേശത്തിലൂടെ കനാൽ തീർത്ത്, ഖാലിദ് തടാകത്തിലേക്കും മംസാർ തടാകത്തിലേക്കും കടലിനെ ആനയിച്ച് വിനോദ മേഖലയിൽ പുതിയ ഓളങ്ങൾ തീർക്കുന്ന പദ്ധതി സെപ്തംബറിൽ പൂർത്തിയാകും. അറബ്യേയിലെ വെനീസ് എന്നറിയപ്പെടുന്ന ഖസബ കനാലിനു പിറകെ വരുന്ന അൽ ലയ്യ കനാൽ ഷാർജയുടെ തീരമേഖലക്ക് അരഞ്ഞാണമാകും.
850 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും നാല് മീറ്റർ ആഴത്തിലും നിർമിക്കുന്ന കനാൽ പൂർത്തിയാകുന്നതോടെ വൈവിധ്യം നിറഞ്ഞ ജലകേളികൾക്ക് അരങ്ങുണരും. സ്വാഭാവിക കടൽ പ്രവാഹങ്ങളുടെ ചലനത്തെ ആശ്രയിച്ച് ഖാലിദ്, അൽ ഖാൻ, മംസാർ തടാകങ്ങളിലെ ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് കനാൽ ലക്ഷ്യമിടുന്നത്. കനാൽ വടക്ക്, തെക്ക് തീരങ്ങളെ മൂന്ന് പാലങ്ങളുമായി ബന്ധിപ്പിക്കും.
ഒരേസമയം പ്രകൃതിയെ ഊർജ്ജസ്വലമാക്കാനും ദേശാടന കിളികൾക്ക് പറന്നിറങ്ങാനും വരും തലമുറക്കായി കാത്തുവെക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കനാലിന്‍റെ കരകളിലായി റെസ്റ്റോറന്‍റുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ ഉണ്ടാകും. ഒഴുകുന്ന ഉദ്യാനങ്ങളും തുഴയുന്ന ഓടങ്ങളും അനുരാഗം പൂത്തുലയുന്ന തുരുത്തുകളും കനാലിന് ചിലങ്ക കെട്ടും. വെനീസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അൽഖാൻ പ്രദേശത്തെ അൽ ലയ്യ കനാൽ കൂടുതൽ കുളിരണിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.