ദുബൈ: യു.എ.ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബർ 31 വരെ രണ്ടു മാസത്തേക്കാണ് ആനുകൂല്യം നീട്ടിയത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെയാണ് രണ്ടു മാസം കൂടി ഇളവ് അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചത്.
പൊതുമാപ്പ് നീട്ടില്ലെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, അവസാന ദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്കു കൂടി കണക്കിലെടുത്ത് രണ്ടുമാസത്തേക്കുകൂടി പൊതുമാപ്പ് ആനൂകൂല്യം നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇതോടെ വിസ കാലാവധി പിന്നിട്ട് യു.എ.ഇയിൽ നിയമവിരുദ്ധരായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കൂടുതൽ സാവകാശം ലഭിക്കും. രേഖകൾ ശരിയാക്കി യു.എ.ഇയിൽ നിയമവിധേയരാകാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി നിർദേശം നൽകിയിട്ടുണ്ട്.
വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ കണക്കുകൾ പ്രകാരം പതിനായിരം ഇന്ത്യൻ പൗരന്മാർ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരിൽ 1300 പേർക്ക് പാസ്പോർട്ടും 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റും നൽകി. 1500 ലധികം പേർക്ക് കോൺസുലേറ്റ് മുഖേന മാത്രം എക്സിറ്റ് പെർമിറ്റും ലഭ്യമാക്കിയിട്ടുണ്ട്.
വിസ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന 4000 വ്യക്തികൾക്ക് ജി.ഡി.ആർ.എഫ്.എ തൊഴിൽ അഭിമുഖങ്ങൾ നടത്തുകയും ഇതിൽ നിന്ന് തിരഞ്ഞെടുത്ത 58 പേർക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
22 കമ്പനികളാണ് തൊഴിൽ വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്. ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസും പൊതുമാപ്പ് നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.