കാഴ്ചയെ കാടാക്കും അറേബ്യൻ വൈൽഡ് ലൈഫ് സെന്‍റർ

രാവും പകലും വാഹനങ്ങൾ 'ചിറകടിച്ചുപറക്കുന്ന' ഷാർജ-ദൈദ് ഹൈവേയിൽ ഒമ്പതാമത്തെ പാലത്തിനോട് ചേർന്ന് കിടക്കുന്ന വലതു വശത്തെ റോഡിലൂടെ കുത്തനെയുള്ള ഒരു കയറ്റം കയറി ചെന്നാൽ മരുഭൂമിക്കുള്ളിൽ നിന്ന് ഒരു കൊടും കാടിറങ്ങിവന്ന് നിങ്ങളെ വിസ്മയങ്ങളുടെ ജൈവിക ലോകത്തേക്ക് കൂട്ടി കൊണ്ടു പോകും. പരന്നുകിടക്കുന്ന മണൽക്കാട്ടിനുള്ളിലെ ഈ ഉദ്യാനം വന്യജീവികളുടെ സ്വർഗമാണ്. ഭൂമിയിൽ നിന്ന് മാഞ്ഞുപോകാൻ തുടങ്ങിയ ജീവികളെയാണ് പ്രധാനമായും ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 1999 സെപ്റ്റംബറിൽ തുറന്ന ഇത് അറേബ്യൻ ഉപദ്വീപിൽ മാത്രം കാണപ്പെടുന്ന 100 ഓളം മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന അറേബ്യയിലെ ഏക മൃഗശാലയാണ്.

ഓരോ കവാടവും കടന്നു ചെല്ലുമ്പോൾ പുതിയൊരു കാടും ജന്തുക്കളും പ്രത്യക്ഷപ്പെടും. കൺമുന്നിലൂടെ, കൈയകലത്തിലൂടെ പുലിയും കടുവയും വിഷപാമ്പുകളും കടന്നുപോകും. പക്ഷികൾ ചിറകടിക്കും, കുരങ്ങൻമാർ മലക്കം മറിയും, ഇഴജന്തുക്കളുടെയും പ്രാണികളുടെയും വീട് മാടിവിളിക്കും. ഒട്ടക ചിലന്തി, തേൾ തുടങ്ങിയവ കൂട്ടമായെത്തും. ഹൗബാര ബസ്റ്റാർഡ്, ഫ്ലമിംഗോസ്, ഇന്ത്യൻ റോളർ ബേർഡ്‌സ്, റോക്ക് ഹൈറാക്‌സ് എന്നിവ വട്ടമിട്ടുപറക്കും ചിലത് ചുറ്റും നടക്കും. വൈൽഡ് ലൈഫ് സെന്‍ററിൽ കുട്ടികളുടെ ഫാം, മ്യൂസിയം, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയും ഉണ്ട്. ഇത് കുട്ടികളെ വളർത്തുമൃഗങ്ങളുമായി അടുക്കാൻ അനുവദിക്കുന്നു.

ആടുകൾക്ക് പുല്ല് നൽകാം അല്ലെങ്കിൽ കുളത്തിൽ താറാവുകൾ നീന്തുന്നത് ആസ്വദിക്കാം പക്ഷികളെ അടുത്തുനിന്ന് നിരീക്ഷിക്കാം. മത്സ്യ ടാങ്കിൽ നിന്ന് ഒമാനിലെ അന്ധനായ ഗുഹ മത്സ്യം പൊങ്ങിവരും. കണ്ണുകളോടെ ജനിച്ചിട്ടും, ഈ മത്സ്യങ്ങൾ സ്വാഭാവികമായും ഇരുണ്ട ആവാസവ്യവസ്ഥയിൽ കഴിഞ്ഞുകൂടുന്നവയാണ്. ഇവിടുത്തെ നോക്‌ടേണൽ ഹൗസ് വന്യജീവി കേന്ദ്രത്തിലെ ആവേശകരമായ സ്ഥലമാണിത്. ഇവിടെ, മൂന്നിനം മുള്ളൻപന്നികൾ, കുറുക്കൻ, മംഗൂസ്, പന്ത്രണ്ട് തരം എലികൾ എന്നിവയെ സംരക്ഷിച്ചിട്ടുണ്ട്​. ബാബൂണുകൾ, കഴുതപ്പുലികൾ, ചെന്നായകൾ, ചീറ്റകൾ, അറേബ്യൻ പുള്ളിപ്പുലി എന്നിവയുമായുള്ള ചങ്ങാത്തത്തോടെയാണ് കാഴ്ചയിൽ നിന്ന് കാടിറങ്ങിപോകുന്നത്. 

   സന്ദർശന സമയം ബുധൻ രാവിലെ

9.00– വൈകീട്ട്​ 5.30 വ്യാഴം രാവിലെ

9.00– വൈകീട്ട്​ 5.30 വെള്ളി ഉച്ച 2.00-വൈകീട്ട്​ 5.30 ശനി രാവിലെ 11.00–

വൈകീട്ട്​ 5.30 ഞായർ രാവിലെ 9.00-

വൈകീട്ട്​ 5.30 തിങ്കൾ രാവിലെ 9.00–

വൈകീട്ട്​ 5.30 ചൊവ്വ അവധി. ഫോൺ: +971 6 531 1999.

Tags:    
News Summary - arabian wildlife center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.