ദുബൈ: പിറന്നുവീണത് മാസ്ക്കുള്ള ലോകത്തേക്കാണെന്നറിഞ്ഞയുടൻ അവെൻറ ആദ്യ പ്രതികരണമെത്തി. അമ്മയുടെ വയറ്റിൽനിന്ന് ഡോക്ടറുടെ കൈയിലേറിയ അവൻ ലോകത്തോടാകെ വിളിച്ചു പറഞ്ഞു 'നമുക്കുവേണ്ട, മാസ്ക്കുള്ള ലോകം'.
പിറന്നുവീണയുടൻ ഡോക്ടറുടെ മാസ്ക് നീക്കുന്ന നവജാത ശിശുവിെൻറ ചിത്രമായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ചർച്ച. ദുബൈ എൻ.എം.സി ആശുപത്രിയിലെ ലബനീസ് ഡോക്ടർ സമീർ ശുഐബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം പ്രതീക്ഷയുടെ അടയാളമായി ലോകം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ളവർ ചിത്രം ഷെയർ ചെയ്തു. കഴിഞ്ഞ ദിവസം പിറന്ന ഇരട്ടക്കുട്ടികളിലൊരാളാണ് സംഭവത്തിലെ നായകൻ. ആദ്യം പുറത്തെടുത്തത് പെൺകുട്ടിയെയായിരുന്നു.
ആൺകുട്ടിയെ പുറത്തെടുത്തയുടൻ പിതാവിനെ കാണിക്കുന്നതിനായി ഉയർത്തിയതും അവൻ മാസ്ക്കിൽ പിടിയിട്ടു. ഇത് കുട്ടിയുടെ പിതാവ് കാമറയിൽ പകർത്തുകയും ചെയ്തു. മാസ്ക്കില്ലാത്ത പഴയ ലോകത്തേക്ക് തിരിച്ചുപോകണമെന്നാണ് അവെൻറ ആവശ്യമെന്ന് പറഞ്ഞ് എല്ലാവരും ചിരിച്ചു. അതിനുശേഷമാണ് ഡോക്ടർ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ഒരു കുറിപ്പുമിട്ടു- 'നമ്മൾ ഉടൻ മാസ്ക് അഴിക്കാൻ പോകുന്നു എന്നതിെൻറ അടയാളമാവട്ടെ ഇത്. അതുവരെ, നാം മുൻകരുതലെടുക്കണം'. ഇതോടെ, വൈറലായി പിറന്നുവീണ കുഞ്ഞിനെ സമൂഹമാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തു. എല്ലാവരും പങ്കുവെച്ചത് പ്രതീക്ഷയുടെ വാക്കുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.