അബൂദബി: ബറക ആണവ നിലയത്തിന് സിറിയയിലും തുർക്കിയയിലുമുണ്ടായ രൂപത്തിലുള്ള കനത്ത ഭൂകമ്പങ്ങളെപ്പോലും അതിജീവിക്കാൻ കഴിയുമെന്ന് യു.എ.ഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ) അധികൃതർ വ്യക്തമാക്കി. അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളന ചടങ്ങിലാണ് ആശങ്കകൾ ദൂരീകരിച്ച് എഫ്.എ.എൻ.ആർ ഡയറക്ടർ ജനറൽ ക്രിസ്റ്റർ വിക്ടർസൺ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജപ്പാനിലെ ഭൂകമ്പത്തിൽ ഫുകുഷിമ ആണവ നിലയത്തിനുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേതന്നെ ബറകയെ വിലയിരുത്തിയിട്ടുണ്ട്. 2012ൽ യൂനിറ്റ് ഒന്നിന് നിർമാണ ലൈസൻസ് നൽകുന്നതിനുമുമ്പ് ഭൂകമ്പം, വെള്ളപ്പൊക്കം, സൂനാമി എന്നിങ്ങനെ പരിഗണിക്കേണ്ട കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ആണവനിലയത്തെ സ്വാധീനിക്കാൻ കഴിയുന്ന ഈ ബാഹ്യ അപകടങ്ങളെ പ്രതിരോധിക്കാൻ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് മുന്നോട്ടുപോയത് -അദ്ദേഹം വ്യക്തമാക്കി.
അബൂദബിയിലെ റുവൈസ് നഗരത്തിൽനിന്ന് 53 കി.മീ. തെക്കുപടിഞ്ഞാറായി അൽ ദഫ്രയിലാണ് ബറക പ്ലാന്റ് സ്ഥിതിചെയ്യുന്നത്. പ്ലാന്റിന്റെ നാല് യൂനിറ്റ് ന്യൂക്ലിയർ റിയാക്ടറുകൾ പൂർണമായും പ്രവർത്തനക്ഷമമായാൽ യു.എ.ഇയുടെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം വരെ ഇതിൽനിന്ന് ഉൽപാദിപ്പിക്കാനാകും. നിലവിൽ യൂനിറ്റ് ഒന്നും രണ്ടും വാണിജ്യപരമായി പ്രവർത്തനക്ഷമമാണ്. യൂനിറ്റ് മൂന്ന് വരുംമാസങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.