ദുബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കം. യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ബിനോയ് കോടിയേരിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 1.71 കോടി രൂപ ഉടൻ നൽകേണ്ട സ്ഥിതിയാണ്. പണം നൽകിയില്ലെങ്കിൽ ജയിൽശിക്ഷയിലേക്ക് കാര്യങ്ങൾ നീങ്ങാനും സാധ്യതയുണ്ട്. ഇതിന് പുറമെ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സി.പി.എം നേതാക്കളുടെ ആവശ്യവും ഒത്തുതീർപ്പ് നടപടികൾക്ക് ആക്കംകൂട്ടി.
സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായ യു.എ.ഇ സ്വദേശികളും ബിനോയ് കോടിയേരിയുമായി അടുപ്പമുള്ളവരും ഡൽഹിക്കു പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തിയാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയത്. ഗൾഫിലെ ഒരു വ്യവസായിയുടെ മധ്യസ്ഥതയിലാണ് യു.എ.ഇ സംഘം കേരളത്തിലെത്തിയത്. ബിനോയിക്കുവേണ്ടി സാമ്പത്തികസഹായം ചെയ്യാൻ തയാറാണെന്ന് വ്യവസായ പ്രമുഖർ സമ്മതിച്ചിട്ടുണ്ടെന്ന് പരാതിക്കാരുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോട്ടയത്തെ ചർച്ചക്കുശേഷം ഡൽഹിക്ക് പോയ സംഘം സി.പി.എം ജനറൽ സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിച്ചശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്. ആരോപണവിധേയരുമായി ബന്ധപ്പെട്ടവരോടും അന്നുതന്നെ സീതാറാം െയച്ചൂരി നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്തസമ്മേളനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ കടുത്ത നിലപാടിലേക്ക് നീങ്ങിയ സംഘത്തോട് ഏതുവിധേനയും ഒത്തുതീർപ്പിൽ എത്താനുള്ള നിർദേശമാണ് സി.പി.എം ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ നൽകിയതെന്നാണ് യു.എ.ഇ സംഘം നൽകുന്ന സൂചന. ഇതോടെയാണ് ഇൗമാസം 10നുമുമ്പ് കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് അവർ പറയുന്നു.
സി.പി.എം നേതാക്കളുടെ മക്കൾ വിദേശത്ത് നടത്തുന്ന ഇടപാടുകളിലേക്ക് ജനശ്രദ്ധ തിരിഞ്ഞുതുടങ്ങിയതും കൂടുതൽ പേരുടെ തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയതും ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.