അജ്മാന്: അജ്മാന് ഇത്തിഹാദ് സ്ട്രീറ്റിലെ പുതിയ പാലങ്ങളുടെ വികസനപദ്ധതി ഒന്നാം ഘട്ടം ഇന്നു തുറക്കും. അജ്മാന് ഇത്തിഹാദ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി രണ്ട് പാലങ്ങളാണ് നിർമിക്കുന്നത്. ഇതിൽ ഒരു പാലമാണ് ഗതാഗതത്തിനായി ഇന്നു തുറന്നു കൊടുക്കുന്നത്.
അജ്മാനിലെ വ്യാവസായിക മേഖലയുമായി ബന്ധപ്പെടുത്തുന്നതാണ് പുതിയ പാലം. അല്‍ ഇത്തിഹാദ് സ്ട്രീറ്റ് വികസന പദ്ധതി 2023 ഒക്ടോബറിൽ പൂർത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ആദ്യഘട്ടം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പുതിയ പാലം തുറക്കുന്നതോടെ അജ്മാന് ന്യൂ സനയ്യയില്‍ നിന്ന് പുറത്തേക്കുള്ള വാഹന ഗതാഗതം ഏറെ സുഗമമാകും.
ദുബൈ, ഷാര്‍ജ എമിറേറ്റുകളിൽ നിന്ന് വരുന്നതും തിരികെ പോകുന്നതുമായി വാഹനങ്ങളുടെ തിരക്ക് മൂലം ഇത്തിഹാദ് റോഡില്‍ സ്ഥിരം വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ഇതിന് പരിഹാരം തേടിയാണ് അജ്മാന് നഗരസഭ പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്. ദുബൈയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇത്തിഹാദ് സ്ട്രീറ്റിലെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ പാലത്തിൽ മൂന്ന് വരി പാതയുണ്ടാകും.
പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിനെയും കുവൈത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന കവലയിൽ ട്രാഫിക് സിഗ്നലുകള്‍ വഴി ഗതാഗതം നിയന്ത്രിക്കും. അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഷാർജയിലേക്ക് പോകുന്നവർക്കായി മറ്റൊരു പാലമാണ് ഇന്ന് തുറന്നു കൊടുക്കുന്നത്. വികസന പദ്ധതികളുടെ ഭാഗമായി പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങള്‍ക്ക് ചെറിയ മാറ്റം വരും. പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ പൂര്‍ത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.