ഷാർജ: ഷാർജയിൽ സ്വകാര്യ സ്കൂളുകളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്ന 2000 ബസുകളിൽ കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചു. സ്കൂളിലേക്കു പോകുമ്പോഴും തിരിച്ചുവരുമ്പോഴും രക്ഷിതാക്കൾക്ക് കാമറകൾ വഴി കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടേതാണ് നടപടി.
കോവിഡിനുമുമ്പ് ആദ്യ ഘട്ടമെന്ന നിലയിൽ ബസുകളിൽ ജി.പി.എസ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതുവഴി ട്രാക്കിങ്ങിനായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ കൺട്രോൾ, മോണിറ്ററിങ് റൂമുമായും എമിറേറ്റ്സ് ട്രാൻസ്പോർട്ടിന്റെ ഓപറേഷൻസ് റൂമുമായും ഇവ ബന്ധിപ്പിച്ചിട്ടുണ്ട്. 2000 സൂപ്പർവൈസർമാർക്ക് വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കൺട്രോൾ, മോണിറ്ററിങ് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന ടാബ്ലെറ്റ് ഉപകരണവും നൽകിയിട്ടുണ്ട്.
അതിനാൽ കുട്ടികൾ ബസിൽ കയറുന്നതും വീട്ടിലെത്തുന്നതും രക്ഷിതാക്കൾക്ക് കാണാൻ സാധിക്കും. 3250 ബസ് സൂപ്പർവൈസർമാർക്ക് ഈ സംവിധാനം ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. ഷാർജയിലെ എല്ലാ സ്വകാര്യ സ്കൂളുകളെയും സ്കൂൾ ബസുകളെയും ട്രാക്കിങ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എല്ലാ സ്വകാര്യ സ്കൂളുകളിലേക്കും മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാൻ സർക്കുലർ അയച്ചിട്ടുണ്ടെന്നും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ഗവൺമെന്റ് കമ്യൂണിക്കേഷൻ വകുപ്പ് ആക്ടിങ് ഡയറക്ടർ താരിഖ് അൽ ഹമ്മദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.