ദുബൈ: കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ തിരക്കേറിയതോടെ പലരുടെയും ഫലം കിട്ടാൻ വൈകുന്നുണ്ട്. ഇതുമൂലം യാത്ര മുടങ്ങുന്ന അവസ്ഥയുമുണ്ട്. യാത്ര മുടങ്ങിയാൽ റീ ഫണ്ട് കിട്ടുമോ എന്നതാണ് പല യാത്രികരുടെയും സംശയം. ഇക്കാര്യത്തിൽ എയർലൈനുകൾ ഐകകണ്ഠ്യേന നിലപാടെടുത്തിട്ടില്ലെങ്കിലും മറ്റൊരു ദിനത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകുമെന്ന അറിയിപ്പാണ് ഭൂരിപക്ഷം എയർലൈനുകളും നൽകുന്നത്. എന്നാൽ, ചില ഓഫറുകളിൽ എടുക്കുന്ന ടിക്കറ്റുകൾക്ക് റീ ഫണ്ട് ലഭിക്കില്ല. ടിക്കറ്റ് മാറ്റാനും കഴിയില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്ക് രണ്ടു മണിക്കൂർ മുമ്പുവരെ എയർലൈൻ അധികൃതർ പരിശോധന ഫലം ലഭിക്കാനായി കാത്തുനിൽക്കുന്നുണ്ട്.
അതേസമയം, പോസിറ്റിവാകുന്നവർക്ക് പത്തുദിവസത്തിന് ശേഷമേ യാത്രചെയ്യാൻ കഴിയൂ. പോസിറ്റിവായി എന്നുറപ്പാക്കിയാൽ ഉടൻ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തണം. പത്ത് ദിവസം അതത് എമിറേറ്റിലെ ഹെൽത്ത് അതോറിറ്റികൾ നൽകുന്ന നിർദേശം അനുസരിച്ച് ക്വാറന്റീനിൽ കഴിയണം. അതിനുശേഷമുള്ള തീയതിയിലായിരിക്കണം ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യേണ്ടത്.
ഇന്ത്യയിലേക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധന ഫലമാണ് ആവശ്യം. പരമാവധി നേരത്തേ പരിശോധന നടത്തുന്നതാവും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.