ദുബൈ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ തിളക്കമാർന്ന വിജയത്തിന്റെ ആഹ്ലാദത്തിലാണ് യു.എ.ഇയിലെ സ്കൂളുകൾ. നൂറുശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞത് മിക്ക സ്കൂളുകളുടെയും ആഹ്ലാദം ഇരട്ടിയാക്കി. അബൂദബി എമിറേറ്റ്സ് ഫ്യൂചർ ഇന്റർനാഷനൽ അക്കാദമി, ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, അബൂദബി മോഡൽ സ്കൂൾ, അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ, ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ദുബൈ ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ തുടങ്ങിയവയെല്ലാം നൂറുമേനി വിജയം കൊയ്തു.
ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിന്റെ വിജയാഹ്ലാദത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ചെയർമാൻ ജോൺ എം. തോമസ് ഒപ്പമില്ലാത്തത് വിദ്യാർഥികളെയും അധ്യാപകരെയും സങ്കടത്തിലാഴ്ത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ചെയർമാൻ ജോൺ എം. തോമസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണക്കുമുന്നിൽ ആദരാഞ്ജലിയായി ഈ വർഷത്തെ നൂറുമേനി വിജയം സമർപ്പിക്കുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി പറഞ്ഞു. സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം വൈകുന്നതിൽ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു.
ജൂൺ 15ന് അവസാനിച്ച പരീക്ഷയുടെ ഫലം വരാൻ വൈകുകയും സ്റ്റേറ്റ് സിലബസിലെ പ്ലസ്ടു ഫലം വന്നതോടെ ഇന്ത്യയിൽ പല സർവകലാശാലകളും ബിരുദ പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്തതാണ് ആശങ്കക്കിടയാക്കിയത്.
ഇന്ത്യയിലെ സർവകലാശാലകളെ നിയന്ത്രിക്കുന്ന യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) ബിരുദ പ്രവേശനത്തിനുള്ള അവസാന തീയതി സി.ബി.എസ്.ഇ പരീക്ഷഫലം വന്ന ശേഷമായിരിക്കണമെന്ന് നിർദേശിച്ചത് ആശ്വാസം പകർന്നെങ്കിലും അവസാനഘട്ടത്തിൽ ഇഷ്ട വിഷയങ്ങൾക്ക് സീറ്റ് ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്ന് പ്രതിസന്ധി നേരിടുമെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികളും പൂർത്തിയായിവരുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് ഫലം വൈകുന്നതിലും ആശങ്കയുണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.