മേരി മദര്‍ ഓഫ് ജീസസ് മോസ്‌ക്ക്

സഹിഷ്ണുതാ നഗരം,അബൂദബി

2019 യു.എ.ഇയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വർഷമായിരുന്നു. കോവിഡ് മഹാമാരി ആഗോളതലത്തില്‍ സര്‍വ മേഖലകളും അടിമുടി ഉലച്ചുകളഞ്ഞ അതേ കാലയളവില്‍ തന്നെയാണ്, രാജ്യം സഹിഷ്ണുതാ വര്‍ഷമായി ആചരിച്ച് 2019ന്റെ മേല്‍ കൈയൊപ്പ് ചാര്‍ത്തിയത്. എന്തിനാണ് ഒരു രാജ്യം സഹിഷ്ണുതാ വര്‍ഷം ആചരിക്കുന്നത്?. ഇവിടെയാണ് യു.എ.ഇയും അതിന്‍റെ തലസ്ഥാന നഗരി അബൂദബിയും ലോകത്തിനു മാതൃകയാവുന്നത്.

വെറുപ്പിന്റെയും രാഷ്ട്രീയ വിദ്വേഷങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തില്‍ മാനുഷികവും മാനവികവുമായ തുറവികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന രാഷ്ട്ര നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമത്രെ അത്.....!

'ഡെമോഗ്രാഫിക് ഡൈവേഴ്‌സിറ്റി' - ജനസംഖ്യാപരമായ വൈവിധ്യം- അടുത്തിടെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ആശങ്കയോടെ ഏറെ ചര്‍ച്ച ചെയ്ത വിസ നിരോധനം നാം മറന്നിട്ടില്ല. മതവും വര്‍ണവും ദേശവുമൊന്നും മാനദണ്ഡമാക്കാതെ എല്ലാ രാജ്യത്തെയും ജനങ്ങളെ എങ്ങിനെയാണ് ഒരു രാജ്യം ചേര്‍ത്തുപിടിക്കേണ്ടത് എന്ന സഹിഷുതയുടെ പാഠം കൂടിയുണ്ട് ഇതില്‍.

യു.എ.ഇയിലെ ഒരു കമ്പനിയില്‍ ജോലിക്കാരെ നിയമിക്കുമ്പോള്‍, അതിന്റെ നിശ്ചിത ശതമാനം ഇതര രാജ്യത്തെ മനുഷ്യരെക്കൂടി പരിഗണിക്കണമെന്ന് നിയമപരമായി തന്നെ ബോധ്യപ്പെടുത്തുന്ന രാജ്യത്തിന്റെ നയം.

രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ ഭരണ നൈപുണിയില്‍ കെട്ടിപ്പടുത്ത പ്രായോഗിക തത്വങ്ങള്‍, രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയും കാലാനുസൃതമായ നിയമ നിര്‍മാണങ്ങള്‍ നടത്തിയും പുരോഗതിയിലേക്ക് കുതിക്കുമ്പോഴും അബൂദബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഷ് മുഹമ്മദ് ബിന്‍ സായിദിന്‍റെ നിലപാട് വ്യക്തമാണ്.

'സഹിഷ്ണുതയും ധാരണയും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കും, അതു തുടരുന്നതിന് താന്‍ പ്രതിജ്ഞാബദ്ധമാണ്. സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ലോകത്തിന് ഏതു സങ്കീര്‍ണമായ വെല്ലുവിളികളെയും നേരിടാനും ലോകത്തിനാകെ സമാധാനവും ഐശ്വര്യവും ലഭ്യമാക്കാനും സാധിക്കും'. അതേ, സഹിഷ്ണുത എന്ന മാനവീക മൂല്യം ഒരു രാജ്യം എത്രമേല്‍ ചേര്‍ത്തുപിടിക്കണമെന്ന് അദ്ദേഹം അടിവരയിടുന്നു.

ദിവംഗതനായ യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ പാതയും വേറിട്ടതായിരുന്നില്ല. മരണപ്പെടുമ്പോള്‍ അദ്ദേഹം നല്‍കിയ, രാജ്യം വരുന്ന 50 വര്‍ഷത്തേക്ക് നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ 10 ഒസ്യത്തുകളില്‍ സഹിഷ്ണുതയുടെ അനിവാര്യത കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.

അബൂദാബി ടെർമിനൽ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യം കൂടിയാണ് യു.എ.ഇ. ഐക്യരാഷ്ട്ര പൊതുസഭയിലെ ഏഷ്യ-പസഫിക് ഗ്രൂപ്പിലെ 180 രാജ്യങ്ങളുടെ വോട്ടുകളും രാജ്യത്തിന് ലഭിച്ചിരുന്നു. 2022 മുതല്‍ 2024 വരെയാണ് കൗണ്‍സിലിന്റെ കാലാവധി.

യു.എ.ഇ നടത്തിവരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്നാണ് യു.എ.ഇ ദേശീയ മനുഷ്യാവകാശ സമിതിയുടെ ചെയര്‍മാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്റെ ഉപദേഷ്ടാവുമായ ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്യാന്‍ രാജ്യത്ത് ദേശീയ മനുഷ്യാവകാശ സ്ഥാപനം സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ നേരത്തെ ആരംഭിച്ചിരുന്നു. അബൂദബി ആസ്ഥാനമായി സ്വതന്ത്ര സമിതി രൂപീകരിക്കാനുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി.

ഈ സമിതി ദേശീയ കര്‍മപദ്ധതി വികസിപ്പിക്കാന്‍ സഹായിക്കും. സെമിനാറുകളിലൂടെയും സമ്മേളനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണങ്ങള്‍ നടത്താന്‍ കര്‍മപദ്ധതി സഹായിക്കുകയുമാണ് ചെയ്യുക.

അന്താരാഷ്ട്ര കരാറുകള്‍ക്കനുസൃതമായാണോ രാജ്യത്തെ നിയമങ്ങളെന്ന കാര്യവും ഈ സ്ഥാപനം അധികൃതര്‍ക്കു കൈമാറും. മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഇവ അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. ദേശീയ മനുഷ്യാവകാശ കര്‍മപദ്ധതി വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്.

മുസ്ലിം ഇതര പ്രവാസികളുടെ നിയമവ്യവഹാരങ്ങള്‍ക്കായി പ്രത്യേക കോടതി തന്നെ രൂപവത്കരിച്ച് ആഗോളതലത്തില്‍ സഹിഷ്ണുതയുടെ മറ്റൊരുതലം പകര്‍ന്നുനല്‍കിയതും അബൂദബിയാണ്. അതിനുശേഷമാണ് വിനോദസഞ്ചാരികള്‍ക്കും എമിറേറ്റിനു പുറത്ത് താമസിക്കുന്ന വ്യക്തികള്‍ക്കും വിവാഹിതരാവുന്നതിന് മറ്റൊരു പുതിയ നിയമം കൊണ്ടുവന്നത്. .

വിശ്വാസങ്ങളിലും മത വൈവിധ്യങ്ങളിലും രാജ്യം പുലര്‍ത്തുന്ന സഹിഷ്ണുതാ-സഹവര്‍ത്തിത്വത്തിന്റെ മികച്ച ഉദാഹരണമായിരുന്നു 2019 ല്‍ ലോകത്തെ ആദ്യത്തെ ബഹുമത പ്രാര്‍ഥനകേന്ദ്രം അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുറന്നു എന്നത്. സഹിഷ്ണുത വര്‍ഷത്തില്‍ അബൂദബി ലോകത്തിന് നല്‍കിയ സമ്മാനമായ ഈ പ്രാര്‍ഥനമുറിയില്‍ വിവിധ മതക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങളും സജ്ജീകരിച്ചിരുന്നു.

അബൂദബി എമിറേറ്റിലെ ഇസ്ലാമിതര സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ സാമൂഹിക വികസന വകുപ്പിന് കീഴിലാക്കിയതും ഇക്കാലയളവിലായിരുന്നു. അബുദബിയിലെ 'അബ്രഹാം കുടുംബ ഭവന'വും ശ്രദ്ധേയമാണ്. യുഎഇയില്‍ നാല്‍പതോളം ചര്‍ച്ചുകളാണുള്ളത്. ഇതിനു പുറമേ മൂന്നു ഹൈന്ദവ ക്ഷേത്രങ്ങളും ഒന്നുവീതം ബുദ്ധ, സിഖ് ആരാധനാകേന്ദ്രങ്ങളുമുണ്ട്.

സഹിഷ്ണുതാ ദൈവാലയം - മറിയം ഉമ്മു ഈസ മോസ്‌ക്ക് (മേരി മദര്‍ ഓഫ് ജീസസ് മോസ്‌ക്ക്) - ഓരോ രാജ്യത്തിനും അതിന്റെ മുഖമുദ്രയായി നിലനില്‍ക്കുന്ന അനേകം നിര്‍മിതികള്‍ ഉണ്ട്. നിര്‍മാണ ചാതുരിയും ചരിത്രവും ഭരണ നൈപുണിയുമൊക്കെ അടയാളപ്പെടുത്തുന്ന സൂചകങ്ങളാണവ.

യു.എ.ഇ. മറ്റ് ലോക രാജ്യങ്ങള്‍ക്ക് എപ്പോഴും മാതൃകയാവുന്ന ഇടപെടലുകള്‍ നടത്തി ശ്രദ്ധ നേടുന്നത് നിരവധി കാര്യങ്ങളിലാണ്. അങ്ങിനെ ചരിത്രത്തില്‍ ഇടം പിടിച്ചൊരു മസ്ജിദുണ്ട് അബൂദബിയില്‍. സഹിഷ്ണുതാ ദൈവാലയം- മറിയം ഉമ്മു ഈസ മോസ്‌ക്ക് (മേരി മദര്‍ ഓഫ് ജീസസ് മോസ്‌ക്ക് ).

എന്നാല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല മതവിശ്വാസങ്ങള്‍ക്കും വര്‍ണ, ദേശ, ഭാഷാതീതമായ യു.എ.ഇയുടെ ഈ ചേര്‍ത്തുപിടിക്കല്‍. യു.എ.ഇയുടെ മണ്ണില്‍ ക്ഷേത്രങ്ങളും ചര്‍ച്ചുകളും തലയുയര്‍ത്തി നില്‍ക്കുന്നത് ഈ രാജ്യം ഭരിക്കുന്നവര്‍ പ്രവാസി സമൂഹത്തോടും ഇതരമതങ്ങളോടും കാണിക്കുന്ന സ്‌നേഹത്തിന്റെയും പരിഗണയുടെയും സുന്ദരമായ തെളിവുകളാണ്.

ബാപ്‌സ് ഹിന്ദു മന്ദിര്‍

1989ല്‍ നിര്‍മിച്ച അബൂദബി അല്‍ മുഷ്‌റിഫിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മസ്ജിദിന് 2017ല്‍ യേശുവിന്റെ മാതാവ് മേരിയുടെ നാമം നല്‍കിയത് അത്തരമൊരു ചേര്‍ത്തുപിടിക്കലിന്റെ ഭാഗമായിട്ടായിരുന്നു. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി.

നാലുമിനാരങ്ങളുടെ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിയുടെ പേര് മറിയം ഉമ്മു ഈസ എന്നു മാറ്റാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിടുകയായിരുന്നു. ഈ പള്ളിയുടെ സമീപത്തായി സെന്റ് ജോസഫ് കത്തീഡ്രല്‍, സെന്റ് ആന്റണി, സെന്റ് ആന്‍ഡ്രൂസ് എന്നിങ്ങനെ അനേകം ചര്‍ച്ചുകള്‍ ഉണ്ടെന്നതും പ്രത്യേകതയാണ്.

ഇന്ത്യന്‍ ജനതയ്ക്ക് ആദരം ബാപ്‌സ് ഹിന്ദു മന്ദിര്‍ - 2024 ഫെബ്രുവരി 14ന് തുറക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ അബൂദബിയില്‍ നിര്‍മിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്രമാണ്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴു കൂറ്റന്‍ ഗോപുരങ്ങളോടെയുള്ള ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതാണ്.

പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദപുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളും തീര്‍ക്കുന്നുണ്ട്. 32 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു.

യു.എ.ഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്‍ 1970ല്‍ ഖാലിദയില്‍ ശിലയിട്ട പുരാതന ക്രൈസ്തവ ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുന്ന ചര്‍ച്ചിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരികയാണ്.

സഹിഷ്ണുതയില്‍ ഊന്നിയുള്ള യു.എ.ഇയുടെയും അബൂദബിയുടെയും സുസ്ഥിരമായ ഇടപെടലുകള്‍ അവസാനിക്കുന്നില്ല. മതപരമായ വേര്‍തിരിവോ വംശീയ വെറിയോ ഇല്ലാതെ ഏതൊരാള്‍ക്കും ഒറ്റയായും കുടുംബമായും ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള സാധ്യതകള്‍ ഈ നാട് തുറന്നിട്ടിരിക്കുകയാണ്. ലോക തലത്തില്‍ തന്നെ അതുകൊണ്ടുകൂടിയാണ് മേഖല ഉന്നത ജീവിത നിലവാരത്തില്‍ ഏറ്റവും മുന്‍നിരയില്‍ തുടരുന്നതും.

മാനവീകവും മാനുഷീകവുമായ ചേര്‍ത്തുപിടിക്കലുകളിലൂടെ ഒരു ദേശം എത്രമേല്‍ പുരോഗതിയും വികസനവും കൈവരിക്കുന്നു എന്ന് പഠിക്കേണ്ടവര്‍ക്ക് ഇവിടെ മാതൃകയുണ്ട്. തീര്‍ച്ചയായും ഇമാറാത്ത്. ഈ നാട് ഞങ്ങളുടെ സ്വപ്‌നങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന പോറ്റമ്മയാണ്. ഹൃദ്യമായ നന്ദിയുണ്ട്, കടപ്പാടും.

Tags:    
News Summary - City of Tolerance- Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.