ദുബൈ: ജി.സി.സി രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാർക്ക് അതത് രാജ്യങ്ങളിലെ കോവിഡ് ആപ് ഉപയോഗിക്കാം.
വാക്സിനേഷൻ, പി.സി.ആർ പരിശോധനഫലം എന്നിവയുടെ സ്റ്റാറ്റസ് ഇത്തരം ആപ്പുകളിൽ കാണിച്ചാൽ മതിയാകും. ജി.സി.സി രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. വിമാനത്താവളങ്ങളിലും മറ്റു യാത്ര പോയൻറുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. വിവിധ രാജ്യങ്ങളിൽനിന്ന് ബിസിനസ് ആവശ്യത്തിനും മറ്റുമായി യു.എ.ഇയിലേക്ക് വരുന്ന മലയാളികളടക്കമുള്ളവർക്ക് തീരുമാനം ഉപകാരപ്പെടും.
യു.എ.ഇയിൽ ഉപയോഗിക്കുന്ന അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിച്ചാൽ മാത്രം പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങളിൽ പോകാനും മറ്റു രാജ്യങ്ങളിലെ ആപ്പുകൾ സ്വീകരിക്കപ്പെടും.
ഇതോടെ യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന മറ്റു ജി.സി.സികളിലുള്ളവർ അൽ ഹുസ്ൻ ആപ് പ്രത്യേകം ഡൗൺലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാവും. നിലവിൽ അബൂദബിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പൊതുയിടങ്ങളിൽ പ്രവേശനമനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.