ദുബൈ: എമിറേറ്റിൽ പുതിയ വർഷത്തിന്റെ ആദ്യ പാദത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന നാലു മാസത്തെ അവലോകന യോഗത്തിലാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം കുറവാണ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റാന്വേഷണത്തിലും കാര്യമായ പുരോഗതി കൈവരിക്കാൻ ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. എമിറേറ്റിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കുറ്റാന്വേഷണ വിഭാഗം സ്വീകരിക്കുന്ന നടപടികളെ കമാൻഡർ ഇൻ ചീഫ് യോഗത്തിൽ അഭിനന്ദിച്ചു. വലിയ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുക, കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യുക, നിർദിഷ്ട മേഖലകളിലെ കുറ്റകൃത്യങ്ങൾ കുറക്കുക, ഫലപ്രദമായ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുക തുടങ്ങിയ നടപടികളിലൂടെയാണ് കുറ്റകൃത്യങ്ങൾ തടയാൻ സാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങളും പുതുതായി ഉയർന്നുവരുന്ന ക്രിമിനൽ രീതികളും പ്രവചിക്കാനും കണ്ടെത്താൻ ശ്രമിക്കുന്നതും നേട്ടത്തിന് സഹായിച്ചിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ചാണ് കുറ്റാന്വേഷണ വിഭാഗം പ്രവർത്തിച്ചത്. കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, വകുപ്പ് ഡയറക്ടർ ജനറൽ ജമാൽ സലീം അൽ ജല്ലാഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.