ദുബൈ: അബൂദബി, ദുബൈ എമിറേറ്റുകളിൽ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കുള്ള പാർക്കിങ് പെർമിറ്റുകൾ ഡിജിറ്റൽ വത്കരിച്ചു. നിശ്ചയയാർഢ്യ വിഭാഗങ്ങൾക്കായുള്ള സായിദ് ഹയർ ഓർഗനൈസേഷനാണ് ഞായറാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. സൗജന്യ പാർക്കിങ്ങിനായുള്ള പേപ്പർ പെർമിറ്റുകളുടെ ആവശ്യം ഇതോടെ ഇല്ലാതാകും.
ഡിജിറ്റൽ വത്കരിക്കുന്നതോടെ പെർമിറ്റ് രേഖകൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ സൂക്ഷിക്കാനാവും. ഇത്തരം ഡിജിറ്റൽ പെർമിറ്റുകൾ അബൂദബിയിലേയും ദുബൈയിലേയും ബന്ധപ്പെട്ട അതോറിറ്റികളുടെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതുവഴി നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമാകുമെന്ന് അധികൃതർ അറിയിച്ചു.
അബൂദബിയിൽ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങളിൽ പെർമിറ്റ് ഉപയോഗിച്ച് സൗജന്യമായി പാർക്ക് ചെയ്യാം. എന്നാൽ, ദുബൈയിൽ പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്ക് ഇപ്പോഴും നിരക്ക് ഈടാക്കുന്നുണ്ട്. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സായിദ് ഓർഗനൈസേഷൻ ഫോർ പീപ്പ്ൾ ഓഫ് ഡിറ്റർമിനേഷൻ തലവൻ സലാമ അൽ റെയാമി പറഞ്ഞു.
ഭാവിയെ കൂടുതൽ മികച്ച രീതിയിൽ സൃഷ്ടിക്കുന്നതിനായി സുസ്ഥിരതയിലേക്കും ഡിജിറ്റൽ പരിവർത്തനത്തിലേക്കുമുള്ള പുതിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ഷാർജയിൽ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കുള്ള സൗജന്യ പാർക്കിങ് പെർമിറ്റുകൾ മേയ് മുതൽ മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചതിനാൽ വാഹനത്തിന്റെ വിൻഡ് ഷീൽഡിൽ പെർമിറ്റ് പതിക്കേണ്ട ആവശ്യമില്ലാതായി.
കൂടാതെ ഡിജിറ്റൽവത്കരിക്കുന്നതോടെ സൗജന്യ പാർക്കിങ് പെർമിറ്റിനുള്ള അപേക്ഷയും എളുപ്പമാകും. ഇതിനുള്ള നടപടികൾ പൂർണമായും സൗജനമാണ്. ഓൺലൈനായും പ്രവൃത്തി പൂർത്തീകരിക്കാമെന്നതിനാൽ കൂടുതൽ സമയം എടുക്കുകയുമില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.