ദുബൈ: ഡ്രൈവറില്ലാ കാറുകളുടെയും ഡെലിവറി വാഹനങ്ങളുടെയും പിന്നാലെ നഗരത്തിൽ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് അബ്രകളും വരുന്നു. ദുബൈയിലെ ഏറ്റവും പരമ്പരാഗതമായ ജലഗതാഗത മാർഗങ്ങളിലൊന്നായ അബ്രകളുടെ പുതിയ സംവിധാനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
ദുബൈ ക്രീക്കിൽ വിനോദസഞ്ചാരികളെയും യാത്രക്കാരെയും ആകർഷിക്കുന്ന ചെലവുകുറഞ്ഞ ഗതാഗത മാർഗമായ ഇവയിൽ എട്ടുപേർക്ക് സഞ്ചരിക്കാനാകും. ആർ.ടി.എയുടെ അൽ ഗർഹൂദ് മറൈൻ മെയ്ന്റനൻസ് സെന്ററിൽ നിർമിച്ചതാണ് സ്വയംപ്രവർത്തിക്കുന്ന ഇലക്ട്രിക് അബ്രകൾ. പരമ്പരാഗത രീതിയിലും ഡിസൈനിലും തന്നെയാണ് ഇവയുടെ നിർമാണം പൂർത്തിയാക്കിയത്.
അൽജദ്ദാഫിൽനിന്ന് ദുബൈ ക്രീക്കിലെ ഫെസ്റ്റിവൽ സിറ്റി സ്റ്റേഷനിലേക്കാണ് ഡ്രൈവറില്ലാ അബ്രയുടെ ആദ്യ പരീക്ഷണയാത്ര നടത്തിയത്. ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ ഇ-അബ്രകളുടെ പരീക്ഷണ ഓട്ടമാണ് പൂർത്തിയായിരിക്കുന്നത്. കാർബൺ പുറന്തള്ളലും അറ്റകുറ്റപ്പണി ചെലവും കുറക്കാൻ കഴിയുന്ന രീതിയിലാണ് ഓട്ടോണമസ് ഇലക്ട്രിക് അബ്രകൾ നിർമിച്ചിട്ടുള്ളതെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ഇതിനു പുറമെ ഡീസൽ അബ്രകളിൽനിന്ന് വ്യത്യസ്തമായി ശബ്ദമലിനീകരണവും കുറവായിരിക്കും. പരമാവധി ഏഴു നോട്ട് വേഗമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണിതിൽ സജ്ജീകരിച്ചിട്ടുള്ളത്. ഏഴു മണിക്കൂർ പ്രവർത്തിക്കുന്ന നാല് ലിഥിയം ബാറ്ററികൾ ഘടിപ്പിച്ച സംവിധാനത്തിൽ ഓട്ടോണമസ് കൺട്രോൾ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറക്കാൻ ഇ-അബ്രകളുടെ ബോഡിയിൽ ഫൈബർഗ്ലാസാണ് ഉപയോഗിച്ചിട്ടുള്ളത്.
റഡാറുകളും കാമറകളും ഘടിപ്പിച്ച സംവിധാനത്തിലെ വിവരങ്ങൾ അനുസരിച്ചാണ് അബ്രകൾ സഞ്ചരിക്കുക. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചതിലൂടെ അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും.
തിരമാലയും കാറ്റുമുണ്ടെങ്കിൽപോലും ദിശ മാറാതെ നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ ഇതിന് സാധിക്കും. സഞ്ചാര പാതയിലെ തടസ്സങ്ങൾ കണ്ടെത്തുകയും സിസ്റ്റം തകരാറോ ഓപറേറ്റിങ് പ്ലാനിൽനിന്ന് മാറുകയോ ചെയ്താൽ കൺട്രോൾ സെന്ററിനെ അറിയിക്കുകയും ചെയ്യും. 2030ഓടെ ദുബൈയിലെ ഗതാഗതസംവിധാനങ്ങളുടെ 25 ശതമാനവും സെൽഫ് ഡ്രൈവിങ് സംവിധാനമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആർ.ടി.എ ഇ-അബ്രകൾ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.