ദുബൈ: ആളില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷ വാഹനങ്ങളും നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന വ്യോമഗതാഗത വാഹനങ്ങളും കാണണമെങ്കിൽ എക്സ്പോയിൽ എത്തിയാൽ മതി. ഈ മാസം 16 വരെയാണ് യു.എ.ഇ ഇന്നോവേറ്റ്സ് എന്ന പേരിൽ എക്സ്പോ നഗരിയിൽ പ്രദർശനം. റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഇവിടെ അണിനിരത്തിയത്. ഭാവിയുടെ വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് ആളില്ലാ വാഹനങ്ങൾ. സുരക്ഷക്ക് മാത്രമല്ല, ഓൺലൈൻ ഡെലിവറി പോലും ഇത്തരം വാഹനങ്ങൾ വഴിയാക്കാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും അവരുടെ പുതിയ കണ്ടുപിടിത്തങ്ങൾ എക്സ്പോയിലെ പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. തോക്ക് ഘടിപ്പിച്ച റിമോട്ട് കൺട്രോൾ വാഹനം 'എമിറേറ്റ്സ് സ്നിപ്പർ'ഏവരുടെയും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
കൺട്രോൾ റൂമിലേക്ക് തത്സമയം ദൃശ്യങ്ങൾ അയക്കാനും ഇതിന് കഴിവുണ്ട്. സുരക്ഷ നടപടികൾ ചിത്രീകരിക്കാനും പരിശോധന നടത്താനും കഴിയുന്ന വാഹനമാണ് ആഭ്യന്തര മന്ത്രാലയം എത്തിച്ചത്. ആശുപത്രിയിലെ റിസപ്ഷനിൽ സന്ദർശകരെ സ്വീകരിക്കുന്ന റോബോട്ടും ശ്രദ്ധേയമാണ്. ഇത് ദുബൈയിലെ വിവിധ ആശുപത്രികളിൽ ഉപയോഗിച്ചുതുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുള്ള മറുപടി ഈ റോബോട്ട് നൽകും. ആശുപത്രിയുടെ ഏത് ഭാഗത്തേക്കാണ് പോകേണ്ടതെന്ന് റോബോട്ട് പറഞ്ഞുതരും. 40,000 ഡോളറാണ് ഇതിന്‍റെ ചെലവ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് പ്ലാനറും ഇവിടെയുണ്ട്. വ്യോമഗതാഗതത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ഈ സംവിധാനത്തിൽനിന്ന് ലഭിക്കും. അടിയന്തര ഘട്ടങ്ങളിൽ മൊബൈലിലേക്കും റേഡിയോ, ടെലിവിഷൻ, പള്ളികളിലെ സ്പീക്കറുകൾ തുടങ്ങിയവയിലേക്കും മുന്നറിയിപ്പ് പോകുന്ന സംവിധാനവും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.