ദുബൈ വിമാനത്താവളം: റൺവേ നവീകരണം ഇന്നുമുതൽ

ദുബൈ: ദുബൈ വിമാനത്താവളത്തിലെ നോർത്തേൺ റൺവേ നവീകരണം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 22 വരെ 45 ദിവസത്തേക്കാണ് റൺവേ അടച്ചിടുക. പ്രധാന റൺവേ അടച്ചിടുന്നതിനാൽ ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ ദുബൈ വേൾഡ് സെൻററിലേക്ക് (അൽ മക്തൂം വിമാനത്താവളം) മാറ്റി. കേരളത്തിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങളും മാറ്റിയവയിലുണ്ട്. നേരത്തേ ടിക്കറ്റെടുത്തവർ വിമാന ഷെഡ്യൂൾ പുനഃപരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ചില വിമാനങ്ങൾ ഷാർജയിലേക്കും മാറ്റിയിട്ടുണ്ട്. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ (എ.ഐ 1833) കൊച്ചി വിമാനം അൽ മക്തൂം വിമാനത്താവളത്തിൽനിന്നായിരിക്കും സർവിസ് നടത്തുക. കൊച്ചിയിൽനിന്ന് തിരിച്ചും അൽ മക്തൂമിലാവും എത്തുക.

കോഴിക്കോട്ടേക്ക് ദിവസേനയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 355) അൽ മക്തൂമിലേക്ക് മാറ്റി. വെള്ളി, ശനി ദിവസങ്ങളിലെ കൊച്ചി വിമാനവും(IX 435) ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ തിരുവനന്തപുരം വിമാനവും (IX 539, (IX 549) അൽ മക്തൂമിൽനിന്നായിരിക്കും സർവിസ് നടത്തുക.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ചില സർവിസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചെന്നൈ, ഡൽഹി, അഹ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ലഖ്നോ എന്നിവിടങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളായ സൗദി, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്കുമുള്ള പല സർവിസുകളും അൽ മക്തൂമിൽ നിന്നായിരിക്കും. ഇതിനുപുറമെ, ഇൻഡിഗോ, ഗൾഫ് എയർ, സ്പൈസ് ജെറ്റ് എന്നിവയുടെ ചില സർവിസുകളും അൽ മക്തൂമിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ദുബൈയിൽനിന്ന് അൽമക്തൂം വിമാനത്താവളത്തിലേക്ക് പ്രത്യേക ബസുകൾ സർവിസ് നടത്തും. ദുബൈ വിമാനത്താവളത്തിലെ ടെർമിനലുകളിൽനിന്നാണ് ബസുകൾ പുറപ്പെടുക. യാത്രക്കാർക്ക് ഇവിടേക്ക് എത്തുന്നതിനാണ് ദുബൈ വിമാനത്താവളത്തിൽനിന്ന് ബസുകൾ സർവിസ് നടത്തുന്നത്. കണക്ഷൻ വിമാനങ്ങളിൽ എത്തുന്നവർക്ക് ഈ സർവിസുകൾ ഉപകാരപ്പെടും. മക്തൂം വിമാനത്താവളത്തിൽ സൗജന്യ പാർക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്ന് ടാക്സി സർവിസുകളുമുണ്ടാകും.

ഇബ്നു ബത്തൂത്ത മാൾ, അൽ ഗുബൈബ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ബസ് സർവിസുണ്ടായിരിക്കും. 

Tags:    
News Summary - Dubai Airport: Runway upgrade from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.