ദുബൈ: 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ വില്ല നിർമിക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി ലൈസൻസ് നൽകി. ആദ്യമായാണ് ഇത്തരത്തിൽ നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത്. നഗരത്തിലെ അൽ അവീർ പ്രദേശത്താണ് വില്ല നിർമിക്കുന്നത്.
ഈ വർഷം ഒക്ടോബറോടെ നിർമാണം പൂർത്തിയാകുമെന്ന് കരുതുന്ന വില്ല ആഗോളതലത്തിൽതന്നെ അസാധാരണമായ നിർമിതികളിൽ ഒന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൂർണമായും തദ്ദേശീയമായി നിർമിച്ച കോൺക്രീറ്റാണിതിന് ഉപയോഗിക്കുന്നത്.
3ഡി പ്രിന്റിങ് ഉപയോഗപ്പെടുത്തുന്ന കെട്ടിടങ്ങളുടെ എണ്ണം 2030ഓടെ 25 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്.
നിർമാണ രംഗത്തെ കോൺട്രാക്ടർമാർ, എൻജിനീയർമാർ, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്നിവർക്ക് പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ പ്രചോദനമേകുന്നതാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ മർയം അൽ മുഹൈരി പറഞ്ഞു. കുറഞ്ഞ നിർമാണച്ചെലവ്, കുറഞ്ഞ നിർമാണ സമയം, സങ്കീർണമായ രൂപത്തിലുള്ള കെട്ടിടങ്ങളുടെ എളുപ്പത്തിലുള്ള നിർമാണം, പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ ഉപയോഗം, പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന എന്നിവ 3ഡി പ്രിന്റിങ് ടെക്നോളജിയുടെ സവിശേഷതകളാണ്.
എമിറേറ്റിനെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള പദ്ധതി 2020ൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു.
സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവക്കുവേണ്ടി പ്രത്യേക ഡിസ്ട്രിക്ട് രൂപവത്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 3ഡി പ്രിന്റിങ്ങിൽ ദുബൈ ഇതിനകം ബഹുദൂരം മുന്നേറിക്കഴിഞ്ഞിട്ടുണ്ട്.
അൽ വർസാനിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. 31 അടി നീളത്തിൽ 6900 ചതുരശ്ര അടിയിൽ രണ്ടുനില കെട്ടിടമാണ് നിർമിച്ചത്. ഒരു പാളിക്ക് (ലെയർ) മുകളിൽ മറ്റൊരു പാളി എന്ന രീതിയിൽ കൂട്ടിവെച്ച് ത്രിമാന രൂപം നിർമിക്കുന്ന സാങ്കേതിക വിദ്യയിലാണ് 3ഡിയുടെ പ്രവർത്തനം.
കമ്പ്യൂട്ടർ സഹായത്തിൽ ഡിസൈൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ത്രിമാനരൂപം ഡിസൈൻ ചെയ്തശേഷം തെർമോ പ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിർമാണവസ്തു ഉപയോഗിച്ച് പാളികളായി മാറി ത്രിമാനരൂപം ഉണ്ടാകുകയും ചെയ്യുന്നതാണ് രീതി. ഭാവിയിലെ ഉൽപാദന മേഖലയിൽ 3ഡി പ്രിന്റിങ്ങിന് വൻ സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.