പത്ത്​ വർഷം; ലക്ഷ്യം ഇരട്ടി വളർച്ച

ദുബൈ: ആഗോള തലത്തിൽ​ കോവിഡ്​ മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഇനിയും കെട്ടടങ്ങിയില്ലെങ്കിലും വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ്​ ദുബൈ. അടുത്ത പത്തു വർഷത്തിനുളളിൽ ദുബൈ നഗരത്തിന്‍റെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന സാമ്പത്തിക അജണ്ടയായ ഡി33 എന്ന ലക്ഷ്യത്തിലേക്കാണ്​ ദുബൈ അതിവേഗം നടന്നടുക്കുന്നത്​.

സർക്കാറിന്‍റെ അകമഴിഞ്ഞ സഹകരണത്തിന്‍റെയും സഹായങ്ങളുടെയും പിന്തുണയിൽ​ ടൂറിസം രംഗത്തെ പൊതു-സ്വകാര്യ മേഖലകൾ വമ്പൻ പദ്ധതികളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ദുബൈയിലേക്ക്​ ആകർഷിക്കാൻ ഇത്​ പര്യാപ്തമാവുമെന്ന കണക്കുകൂട്ടലിലാണ്​ നഗരം. കോവിഡിന്​ മുമ്പ്​ 2019ൽ രേഖപ്പെടുത്തിയ വളർച്ച പൂർണമായും മറികടക്കാനായില്ലെങ്കിലും ഒട്ടുമിക്ക മേഖലകളും 2023ന്‍റെ തുടക്കത്തിൽ തന്നെ വൻ വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. ഭരണാധികാരികളുടെ ദീർഘ വീക്ഷണവും കൃത്യമായ ആസൂത്രണവുമാണ് നേട്ടം കൈവരിക്കാൻ ദുബൈയെ സഹായിച്ചത്​. ടൂറിസം രംഗത്ത്​ ദുബൈയുടെ നിലവാരം ഉയർത്തുന്നതോടൊപ്പം വാണിജ്യ-സാംസ്കാരിക ടൂറിസം രംഗത്തെ ഒരു പാലമായി വർത്തിക്കാൻ ദുബൈക്ക്​ സാധിച്ചു.

വേൾഡ്​ ട്രാവൽ ആൻഡ്​ ടൂറിസം കൗൺസിൽ (ഡബ്ല്യൂ.ടി.ടി.സി) പുറത്തു വിട്ട കണക്കുകൾ പ്രകാരം 2022ൽ 29 ബില്യൺ ഡോളറിന്‍റെ സംഭാവനയാണ്​ വിനോദ സഞ്ചാര മേഖല യു.എ.ഇയുടെ സമ്പദ്​ വ്യവസ്ഥക്ക്​ സമ്മാനിച്ചത്​. വിനോദ സഞ്ചാര മേഖലയിൽ 2031ൽ 100 ബില്യൺ ദിർഹമിന്‍റെ അധിക നിക്ഷേപവും 40 മില്യൺ ഹോട്ടൽ സന്ദർശകരേയും ലക്ഷ്യമിട്ട്​ കഴിഞ്ഞ വർഷം നവംബറിൽ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂം ഉദ്​ഘാടനം ചെയ്ത ദുബൈയുടെ സ്വപ്ന പദ്ധതിയും എമിറേറ്റിന്‍റെ വളർച്ചക്ക്​ ആക്കം കൂട്ടി.

ആഗോള വെല്ലുവിളികളുടെ ആഘാതം നിയന്ത്രിക്കുന്നതോടൊപ്പം പുതിയ അവസരങ്ങളും വ്യവസായ പ്രവണതകളും ഒരേസമയം പ്രയോജനപ്പെടുത്താനുള്ള ദുബൈയുടെ കഴിവ് ലോകത്തെ ഏറ്റവും ആകർഷകവും അതിവേഗം വളരുന്നതുമായ ടൂറിസം, സാമ്പത്തിക മേഖലയായി മാറ്റിയതായി ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമറി പറഞ്ഞു. വ്യത്യസ്തമായ ടൂറിസം പദ്ധതികളും വിപണന തന്ത്രങ്ങളും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ആദ്യ ​ടൂറിസം ഡെസ്റ്റിനേഷനായി ദുബൈയെ തെരഞ്ഞെടുക്കാൻ ലോക സഞ്ചാരികളെ പ്രേരിപ്പിച്ചു.

ലോകത്തെ ഏറ്റവും പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ 2023ൽ ട്രിപ്പ്​ അ​ഡ്വൈസേഴ്​സ്​ ചോയിസ്​ അവാർഡ്​ ദുബൈയാണ്​ നേടിയത്​. ഇത്​ രണ്ടാം തവണയാണ്​ ദുബൈ ഈ പുരസ്കാരത്തിന്​ അർഹമാകുന്നത്​. ലോകത്തെ ഏറ്റവും പ്രശസ്തമായ 100 ടൂറിസം ഡെസ്റ്റിനേഷനുകളിൽ പാരിസിന്​ തൊട്ടു പിന്നിലായി രണ്ടാം സ്ഥാനവും ദുബൈക്കാണ്​. 2022ൽ ലോകത്തെ ഏറ്റവും തിര​ക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഇടം പിടിച്ചിരുന്നു. 2023 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ദുബൈ വിനോദ സഞ്ചാര മേഖലയിൽ വൻ വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. 2023ന്‍റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം രാത്രി സന്ദർശകരായ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ നഗരത്തിന്​ കഴിഞ്ഞു​. തൊട്ടു മുമ്പുള്ള വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച്​ 17 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. 2020ലെ ആദ്യ പാദവർഷത്തിൽ രാത്രി സന്ദർശകരായ ടൂറിസ്റ്റുകളുടെ എണ്ണം 3.7 മില്യൺ ആയിരുന്നു. അതേസമയം, കോവിഡിന്​ മുമ്പ്​ 2019നെ അപേക്ഷിച്ച്​ രണ്ട്​ ശതമാനം കുറവാണ്​. ഇക്കാലയളവിൽ രാത്രി സന്ദർശകരുടെ എണ്ണം 4.75 മില്യണായിരുന്നു.

എങ്കിലും ടൂറിസം രംഗത്തെ ധ്രുതഗതിയിലുള്ള വളർച്ചയുടെ സൂചനയാണിത്​ നൽകുന്നതെന്നാണ് വിലയിരുത്തൽ. ഈ രീതിയിൽ മുന്നേറിയാൽ 2019ൽ രേഖപ്പെടുത്തിയ 16.7 മില്യൺ സന്ദർശകർ എന്ന റെക്കോർഡ്​ മറികടക്കാൻ ദുബൈക്ക്​ സാധിക്കുമെന്ന സൂചനയാണിത്​ നൽകുന്നതെന്ന്​​ എമിറേറ്റ്സ്​​ എൻ.ബി.ഡി അധികൃതർ പറഞ്ഞു.

2023ൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 78 മില്യൺ കടക്കുമെന്നാണ്​ വിമാനത്താവള അധികൃതരുടെ അനുമാനം. കോവിഡിന്​ മുമ്പുള്ള കാലത്തേക്കാൾ ദുബൈയിലെ പ്രധാന ഹോട്ടൽ മേഖല ഇതിനകം വളർച്ച മറികടന്നു​. ജനുവരി-മാർച്ച്​ കാലയളവിൽ നഗരത്തിലെ ഹോട്ടലുകളിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 83 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയത്​. ലോകത്ത്​ തന്നെ ഏറ്റവും ഉയർന്ന വളർച്ച നിരക്കാണിത്​. അ​തേസമയം, കോവിഡിന്​ മുമ്പ്​ 2019ലെ ആദ്യ പാദത്തിൽ ഇത്​ 84 ശതമാനത്തിലെത്തിയിരുന്നു. ഈ നേട്ടങ്ങൾ കൈവരിച്ച ശേഷം ഹോട്ടൽ റൂമുകളുടെ ശേഷിയും 26 ശതമാനം വർധിച്ചിട്ടുണ്ട്​. 2019 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച്​ ഈ വർഷം ഇതേ കാലയവളിൽ ദുബൈയിലെ ഹോട്ടലുകൾ 10.98 മില്യൺ റൂമുകളിലാണ്​ രാത്രി സന്ദർശകരെ അനുവദിച്ചത്​. 2019നെ അപേക്ഷിച്ച്​ 27 ശതമാനമാണീ മേഖലയിലെ വളർച്ച. ​റൂമുകളുടെ ശരാശരി നിരക്ക്​ 607 ദിർഹമാണ്​. 2019നെ അപേക്ഷിച്ച്​ 22 ശതമാനം വളർച്ച നേടി. റൂം ഇനത്തിൽ നിന്നുള്ള വരുമാനം 2019നെ അപേക്ഷിച്ച്​ 21 ശതമാനം വളർച്ച കൈവരിച്ചതായും കണക്കുകൾ വ്യക്​തമാക്കുന്നു. വരുമാനം 504 ദിർഹമായി ഉയരുകയും രാത്രി തങ്ങുന്ന സന്ദർശകരുടെ ശരാശരി 3.4 എന്നതിൽ നിന്ന്​ നാലായി ഉയരുകയും ചെയ്തു.

അതോടൊപ്പം വൻകിട ബിസിനസ്​ മീറ്റുകളുടെയും പ്രദർശന മേളകളുടെയും എണ്ണത്തിൽ വൻ വളർച്ച കൈവരിക്കാൻ ദുബൈക്ക്​ കഴിഞ്ഞു​. കെ.പി.എം.ജി ദുബൈ ഹോസ്പിറ്റാലിറ്റി റിപോർട്ട്​ പ്രകാരം എക്​സ്​പോ 2020 അവസാനിച്ചതോടെ ദുബൈയിലെ ഹോട്ടൽ താമസക്കാരുടെ എണ്ണവും കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലാണ്​.

സി.ഒ.പി28 കാലാവസ്ഥ ഉച്ചകോടി പോലുള്ള ആഗോള സമ്മിറ്റുകൾക്കും ദുബൈ എയർഷോയ്ക്കും അന്താരാഷ്ട്ര ബിസിനസ്​, കായിക മേളകൾക്കും വേദിയായത്​ ദുബൈയാണ്​​. 2022ൽ ഖത്തർ ​ഫുട്​ബാൾ ലോകകപ്പിലും ദുബൈ പ്രധാന ശ്രദ്ധാ കേന്ദ്രമായിരുന്നു. ലോക കപ്പ്​ വേളയിൽ ഖത്തറിലേക്ക്​ പറന്ന 50 ശതമാനം വിമാനങ്ങളും ദുബൈ വഴിയായിരുന്നു. 

Tags:    
News Summary - Dubai is ready to boom in the field of tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.