ദുബൈ: കോടിക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യമായി ഒഴുകുന്ന ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് 9.79 കോടി ദിർഹം സമാഹരിച്ച് ദുബൈയിൽ നടന്ന ഫാൻസി നമ്പർപ്ലേറ്റ് ലേലം. ഒന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റിന്റെ റെക്കോഡ് ‘ദുബൈ പി7’ മറികടക്കുകയും ചെയ്തു. 5.5 കോടി ദിർഹത്തിനാണ് ഈ നമ്പർ ലേലത്തിൽ പോയത്. എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.
ജുമൈറയിലെ ഫോർ സീസൺസ് ഹോട്ടലിലാണ് ഫാൻസി കാർ നമ്പർ പ്ലേറ്റുകളുടെയും മൊബൈൽ ഫോൺ നമ്പറുകളുടെയും ലേലം നടന്നത്. എമിറേറ്റ്സ് ഓക്ഷൻ, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ഇത്തിസലാത്ത്, ഡു എന്നിവയാണ് പരിപാടി സംഘടിപ്പിച്ചത്. ‘ദുബൈ പി7’ നമ്പർ നേടിയെടുക്കാനായി നിരവധി പേരാണ് ലേലത്തിൽ പങ്കെടുത്തത്.
2008ൽ അബൂദബിയിൽ നടന്ന ലേലത്തിൽ ഒന്നാം നമ്പർപ്ലേറ്റ് 5.22 കോടി നേടിയതായിരുന്നു ഏറ്റവും വിലയേറിയ നിലവിലെ തുക. ഈ റെക്കോഡാണ് കഴിഞ്ഞ ദിവസം മറികടന്നിരിക്കുന്നത്. രണ്ടാമത്തെ ഏറ്റവും ഉയർന്ന സംഖ്യ നേടിയത് എ.എ22 എന്ന നമ്പറാണ്. 84 ലക്ഷം ദിർഹത്തിനാണിത് വിറ്റുപോയത്. എ.എ19 എന്ന നമ്പർ 49 ലക്ഷം ദിർഹമും നേടി.
‘ഡു’വിന്റെ പത്ത് മൊബൈൽ ഫോൺ നമ്പറുകളും ഇത്തിസലാത്തിന്റെ 11 ഫോൺ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു. ഇത്തിസലാത്ത് നമ്പറുകൾ 33 ലക്ഷം ദിർഹം നേടി. 971548888888 എന്ന നമ്പർ 23 ലക്ഷം ദിർഹത്തിനാണ് വിറ്റുപോയത്. ‘ഡു’വിന്റെ 10 മൊബൈൽ നമ്പറുകൾ 30 ലക്ഷം ദിർഹം നേടി. ലേലത്തിൽ സമാഹരിച്ച മുഴുവൻ തുകയും ‘വൺ ബില്യൻ മീൽസി’ലേക്കാണ് നൽകുക. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് റമദാനിലെ ആദ്യ പകുതിയിൽ മാത്രം 51.4 കോടി ദിർഹം ലഭിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 87,000ത്തിലധികം ദാതാക്കളിൽനിന്നാണ് ഇത്രയും സംഭാവനകൾ ലഭിച്ചത്.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണ പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക.
1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. വലിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാമ്പയിനിന്റെ കോൾസെന്ററായ 8009999 ലേക്ക് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.