ദുബൈ: പ്രതികളെ വാഹനങ്ങളിൽ പിന്തുടർന്ന് സാഹസികമായി പിടികൂടുന്നതടക്കം വിവിധ അടവുകൾ പഠിച്ചെടുത്ത് ദുബൈ പൊലീസിലെ വനിത വിങ്. അൽറിഫ പൊലീസ് സ്റ്റേഷനിലെ വനിത ഓഫിസർമാർക്കാണ് ഇതിനായി പ്രത്യേക കോഴ്സ് നടത്തിയത്. പരിശീലനം പൂർത്തിയാക്കിയതിന്റെ ഭാഗമായി പുതുതായി പഠിച്ചെടുത്ത വിദ്യകൾ ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രദർശിപ്പിച്ചു. മൂന്നു വ്യത്യസ്ത സാഹചര്യങ്ങളിൽ നടത്തുന്ന ഇടപെടലുകളാണ് പ്രധാനമായും പ്രദർശിപ്പിച്ചത്.
വളഞ്ഞുപുളഞ്ഞുപോകുന്ന റോഡിലൂടെ സഞ്ചരിക്കാനും തടസ്സങ്ങൾ മറികടന്ന് പെട്ടെന്ന് വാഹനം നിർത്തുകയും ചെയ്യുക, എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് സംശയകരമായ വാഹനം നിർത്തിക്കുക, പ്രതിയെന്ന് സംശയിക്കുന്നയാളുടെ വാഹനം നാലു പട്രോൾ വാഹനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നിർത്തിക്കുക എന്നിവയുടെ മോഡലാണ് കാണിച്ചത്.
ബാച്ചിലെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചതായി ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ച ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. നേരത്തേ പുരുഷന്മാർ ആധിപത്യം പുലർത്തിയ മേഖലകളിലടക്കം കൂടുതൽ സ്ത്രീ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ച് നിയമിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുകൂലമല്ലാത്ത കാലാവസ്ഥയിലും പരിശീലനം ഭംഗിയായി പൂർത്തിയാക്കിയ വനിതാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.