ദുബൈ: പ്രവാസിയായ പിതാവ് ഉപേക്ഷിച്ച 10 വയസ്സിനു താഴെയുള്ള മൂന്നു കുട്ടികൾക്ക് സഹായമൊരുക്കി ദുബൈ പൊലീസ്. മാതാവിനൊപ്പം കഴിയുന്ന കുട്ടികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിതാവ് കൊണ്ടുപോയത് പഠനമടക്കമുള്ള കാര്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് മനസ്സിലാക്കി പൊലീസ് ഇടപെട്ട് രേഖകൾ സംഘടിപ്പിച്ചു നൽകിയാണ് സഹായിച്ചത്.
മൂന്ന്, എട്ട്, പത്ത് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണ് പ്രയാസത്തിലായത്. ഇവരുടെ പിതാവ് പാസ്പോർട്ടുമായി കടന്നുകളഞ്ഞതോടെ മാതാവ് പുതിയ രേഖകൾക്കായി കോൺസുലേറ്റിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മാതാവിന്റെയും പിതാവിന്റെയും ഒപ്പില്ലാതെ പുതിയ പാസ്പോർട്ട് നിയമപ്രകാരം ലഭിക്കാത്തത് തടസ്സമായി. ഇതോടെ കുട്ടികളുടെ സ്കൂൾ പ്രവേശനവും മെഡിക്കൽ ഇൻഷുറൻസ് പുതുക്കലും എല്ലാം തടസ്സപ്പെട്ടു. എല്ലാ വഴികളും അടഞ്ഞതോടെയാണ് മാതാവ് ദുബൈ പൊലീസ് മനുഷ്യാവകാശ വിഭാഗത്തിലെ ‘ചൈൽഡ് ഒയാസിസ്’ വിങ്ങുമായി ബന്ധപ്പെട്ടത്. തുടർന്ന് പൊലീസ് അധികൃതർ കോടതിയിൽ കോൺസുലേറ്റുമായി സഹകരിച്ച് കുട്ടികൾക്ക് രേഖകൾ നൽകാനുള്ള വിധി ലഭിക്കാൻ അപേക്ഷ സമർപ്പിച്ചു. കുട്ടിയുടെ മേൽ നിയമപരമായ അധികാരം മാതാവിനാണെന്ന കോടതി ഉത്തരവ് പരിഗണിച്ചാണ് വിധി സമ്പാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് കോൺസുലേറ്റ് രേഖകൾ നൽകുകയും ചെയ്തു.
കുട്ടികൾക്ക് മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും സംരക്ഷണവും യു.എ.ഇയിലെ നിയമം അനുവദിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് ശിശു-വനിത സംരക്ഷണ വകുപ്പ് ഡയറക്ടർ കേണൽ ഡോ. അലി മുഹമ്മദ് അൽ മത്റൂഷി പറഞ്ഞു. കുട്ടികളുടെ അവകാശലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിവിധ ആശയവിനിമയ ചാനലുകൾ ദുബൈയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബൈ പൊലീസ് വെബ്സൈറ്റിലെ വുമൺ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ സർവിസ്, ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ് എന്നിവക്കു പുറമെ, 901 എന്ന നമ്പറിൽ വിളിച്ചും അൽ തവാറിലെ പൊലീസ് ആസ്ഥാനത്തുള്ള ചൈൽഡ് ഒയാസിസിൽ നേരിട്ടും ഇക്കാര്യം അറിയിക്കാം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.