ദുബൈ: ആഗസ്റ്റിൽ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ദുബൈയിലെ സ്വകാര്യ സ്കൂളുകൾ ജൂൺ 28ന് മുമ്പ് മധ്യവേനലവധിക്ക് അടക്കരുതെന്ന് സ്വകാര്യ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ (കെ.എച്ച്.ഡി.എ) കർശന നിർദേശം. ജൂൺ 28ന് ആരംഭിക്കുന്ന ബലി പെരുന്നാൾ അവധിയും സ്കൂളുകളുടെ കാലാവധി അവസാനിക്കുന്ന തീയതിയും ഒരുമിച്ചു വരുന്നതിനാൽ മധ്യവേനലവധി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കെ.എച്ച്.ഡി.എ വ്യക്തത വരുത്തിയത്. ബലിപെരുന്നാൾ അവധിക്കിടയിൽ മധ്യവേനലവധിക്കായി സ്കൂളുകൾ അടക്കരുതെന്നാണ് നിർദേശം.
2023ൽ പ്രഖ്യാപിച്ച ഔദ്യോഗിക അവധി ദിനങ്ങൾ പ്രകാരം ദുബൈയിൽ ബലിപെരുന്നാളിന് ജൂൺ 27 മുതൽ ആറു ദിവസമാണ് പൊതു അവധി. എങ്കിലും യു.എ.ഇയിലെ മാസപ്പിറവി നിർണയ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. ഈ സാഹചര്യത്തിൽ യു.എ.ഇ സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചശേഷം മാത്രമേ ബലിപെരുന്നാൾ അവധി സംബന്ധിച്ച് കൃത്യമായ വിവരം രക്ഷിതാക്കളുമായി സ്കൂളുകൾ പങ്കുവെക്കാവൂ.
ദുബൈയിൽ ജൂലൈ മാസത്തിന്റെ തുടക്കത്തിലാണ് സ്വകാര്യ സ്കൂളുകളിൽ മധ്യവേനലവധി ആരംഭിക്കുന്നത്. എന്നാൽ, ഈ അക്കാദമിക വർഷം 188 ദിവസം സ്കൂളുകൾ പ്രവർത്തിക്കണമെന്നാണ് വിദ്യാഭ്യാസ ചട്ടം. ജൂൺ 28ന് മുമ്പ് സ്കൂളുകൾ അടച്ചാൽ വിദ്യാർഥികൾക്ക് നിശ്ചിത പ്രവൃത്തിദിനം ലഭിക്കാതെ പോകും. ഇത് ഒഴിവാക്കാനാണ് പുതിയ നിർദേശം വകുപ്പ് മുന്നോട്ടുവെച്ചത്. കുട്ടികളുടെ മധ്യവേനലവധി ആരംഭിക്കുന്ന തീയതി കണ്ടെത്താൻ രക്ഷിതാക്കൾക്ക് അതത് സ്കൂളുകൾ പ്രസിദ്ധീകരിക്കുന്ന ടേം കലണ്ടർ പരിശോധിക്കാം. കെ.എച്ച്.ഡി.എ വെബ്സൈറ്റിൽ ഓരോ സ്കൂളിന്റെയും അക്കാദമിക കലണ്ടർ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഇത് പരിശോധിച്ച ശേഷം വേനലവധി ആരംഭിക്കുന്ന തീയതി സ്കൂളുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. അതേസമയം, ഈ അക്കാദമിക വർഷം നിശ്ചിത പ്രവൃത്തി ദിനം പൂർത്തിയാക്കിയ സ്കൂളുകൾക്ക് ടേം കലണ്ടറിൽ ഇളവുകൾക്കും കെ.എച്ച്.ഡി.എ അനുമതിയുണ്ട്. അതേസമയം, ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ മുതലാണ് അക്കാദമിക വർഷം ആരംഭിക്കുന്നത്. ഈ സ്കൂളുകളിൽ ജൂലൈ മൂന്നു മുതൽ മധ്യവേനലവധി ആരംഭിക്കാമെന്നും കെ.എച്ച്.എഡി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.