ദുബൈ: 130 കി.മീറ്റർ വേഗത്തിൽ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡ് ഞായറാഴ്ച സൈക്കിളുകൾ കീഴടക്കും. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ ദുബൈ റൈഡ് ഞായറാഴ്ച അതിരാവിലെയാണ് നടക്കുന്നത്. 6.15 മുതൽ 8.15 വരെയാണ് റൈഡ്. ഫാമിലി, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റൈഡ് നടക്കുന്നത്. ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമാണ്. കഴിഞ്ഞ വർഷം 34,000 പേർ പങ്കെടുത്ത ദുബൈ റൈഡ് ഇക്കുറി റെക്കോഡ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12 കി.മീറ്റർ റൈഡ് മ്യൂസിയം ഓഫ് ഫ്യൂചർ, അൽ സത്വ, കൊക്കകോള അരീന, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങിൽനിന്നാണ് ആരംഭിക്കുക. 4 കി.മീറ്റർ റൈഡ് ദുബൈയിലെ ഡൗൺടൗണിൽനിന്നാണ് ആരംഭിക്കുക. രണ്ട് റൂട്ടുകളും ദുബൈ മാളിൽ അവസാനിക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടാകൂ. റൈഡർമാർക്ക് ഏത് തരത്തിലുള്ള ബൈക്കും ഉപയോഗിക്കാനുള്ള അനുവാദമുണ്ടാകും. ഇ-ബൈക്കുകളും അനുവദനീയമാണ്. എന്നാൽ സ്കൂട്ടറുകൾ അനുവദിക്കില്ല. എല്ലാ റൈഡർമാരും ഹെൽമറ്റ് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദുബൈ റൈഡ് നടക്കുന്നതിനാൽ പുലർച്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാവും. അപൂർവമായി മാത്രമാണ് ശൈഖ് സായിദ് റോഡിൽ വാഹനങ്ങളെ ഒഴിവാക്കുന്നത്. രജിസ്റ്റർ ചെയ്തപ്പോൾ ഏത് ഗേറ്റാണോ നൽകിയത് അതിലൂടെ വേണം റൈഡർമാർ പ്രവേശിക്കേണ്ടത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ചും ദുബൈ റൈഡും നടക്കുന്നത്. ചലഞ്ചിന്റെ ഏഴാം എഡിഷൻ ഒക്ടോബർ 28 മുതൽ നവംബർ 26 വരെ ഒരു മാസക്കാലയളവാണ് നീണ്ടുനിൽക്കുന്നത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ൽ ആരംഭിച്ച സംരംഭമാണിത്. ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് സമയം വ്യായാമത്തിന് ഒഴിഞ്ഞുവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
സൗജന്യമായും സൈക്കിളുകൾ
ദുബൈ: സൈക്കിളില്ലാത്തതിന്റെ പേരിൽ ദുബൈ റൈഡിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സങ്കടപ്പെടേണ്ട. ആർ.ടി.എ വാടകക്ക് നൽകുന്ന സൈക്കിളുകൾ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത സേവന ദാതാക്കളായ ‘കരീം’ ബൈക്കുമായി ചേർന്നാണ് ആർ.ടി.എ സൗകര്യമൊരുക്കിയിരിക്കുന്നത്. മ്യൂസിയം ഓഫ് ഫ്യൂചർ, ട്രേഡ് സെന്റർ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെന്റർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സൈക്കിളുകൾ ലഭ്യമാവുക. ആദ്യമെത്തുന്നവർക്കാണ് ഇവ സൗജന്യമായി നൽകുക. അതോടൊപ്പം കരീമിന്റെ ദുബൈയിലെ 192 സ്റ്റേഷനുകളിൽ നിന്ന് വാടകക്ക് എടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.