ദുബൈ: ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബൈ റൈഡിന് ഞായറാഴ്ച രാവിലെ ശൈഖ് സായിദ് റോഡ് സാക്ഷ്യംവഹിക്കും. 6.15 മുതൽ 8.15 വരെയാണ് റൈഡ്. ഈ സമയങ്ങളിൽ ശൈഖ് സായിദ് റോഡ് വഴി സഞ്ചരിക്കേണ്ടവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അൽ ഹാദിഖ സ്ട്രീറ്റ്, അൽ വസ്ൽ സ്ട്രീറ്റ്, അൽഖൈൽ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, സഅബീൽ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, സെക്കൻഡ് സഅബീൽ സ്ട്രീറ്റ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് എന്നിവയാണ് ബദൽ റൂട്ടുകളായി നിർദേശിച്ചിട്ടുള്ളത്. ഫാമിലി, ജനറൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ദുബൈ റൈഡ് നടക്കുന്നത്. ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമാണ്. 12 കി. മീറ്റർ റൈഡ് മ്യൂസിയം ഓഫ് ഫ്യൂചർ, അൽ സത്വ, കൊക്കകോള അരീന, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സ്ട്രീറ്റ് എന്നിവിടങ്ങിൽ നിന്നാണ് ആരംഭിക്കുക. 4 കി.മീറ്റർ റൈഡ് ദുബൈയിലെ ഡൗൺടൗണിൽ നിന്നാണ് ആരംഭിക്കുക.
രണ്ട് റൂട്ടുകളും ദുബൈ മാളിൽ അവസാനിക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുണ്ടാകൂ.
റൈഡർമാർക്ക് ഏത് തരത്തിലുള്ള ബൈക്കും ഉപയോഗിക്കാനുള്ള അനുവാദമുണ്ടാകും. ഇ-ബൈക്കുകളും അനുവദനീയമാണ്. എല്ലാ റൈഡർമാരും ഹെൽമറ്റ് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.