ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഞായറാഴ്ച തുടക്കം. 25വരെയാണ് വനിതവിഭാഗം മത്സരങ്ങൾ. 25ന് പുരുഷവിഭാഗം മത്സരങ്ങൾ നടക്കും.
ലോക റാങ്കിങ്ങിൽ ആദ്യ 20ൽ നിൽക്കുന്ന വനിത താരങ്ങളിൽ 17 പേരും പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രത്യേകത. 64 വനിത താരങ്ങളാണുള്ളത്. ആദ്യ റൗണ്ടിന്റെ നറുക്കെടുപ്പ് ശനിയാഴ്ച ദുബൈയിൽ നടന്നു. സാനിയ മിർസയുടെ അവസാന ടൂർണമെന്റ് എന്ന പ്രത്യേകതയുമുണ്ട്.
ലോക റാങ്കിങ്ങിലെ ആദ്യ പത്തിൽ നിൽക്കുന്ന ഏഴ് വനിതതാരങ്ങളും ഇത്തവണത്തെ ദുബൈ ഓപണിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചാമ്പ്യൻ യെലേന ഒസ്റ്റാപെങ്കോ, ലോക റാങ്കിങ്ങിൽ ഒന്നുമുതൽ നാലുവരെ സ്ഥാനത്ത് നിൽക്കുന്ന ഐഗ സ്വൈറ്റക്, ഒൻസ് ജാബിയർ, ജസീക്ക പെഗുല, കരോളിൻ ഗാർഷ്യ എന്നിവരാണ് മുഖ്യ ആകർഷണം.
കഴിഞ്ഞ വർഷത്തെ ദുബൈ ഓപൺ ഫൈനലിസ്റ്റ് വെറോണിക കുദർമെറ്റോവ, എട്ടാം നമ്പർ താരം ഡാരിയ കസാറ്റ്കിന, 2017 യു.എസ് ഓപൺ ഫൈനലിസ്റ്റ് മാഡിസൺ കീസ്, സ്പാനിഷ് താരം പൗള ബഡോസ, ബ്രസീലിന്റെ ഒന്നാം നമ്പറുകാരി ബിയാട്രിസ് ഹദ്ദാദ് എന്നിവരും മാറ്റുരക്കും.
അതേസമയം, പരിക്കിനെ തുടർന്ന് സൂപ്പർതാരം റാഫേൽ നദാൽ ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറി. ഇടുപ്പെല്ലിനുണ്ടായ പരിക്കാണ് റാഫേലിന് തിരിച്ചടിയായത്. ഇതോടെ ആറുമുതൽ എട്ടാഴ്ച വരെ നദാലിന് കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവരും.
5000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപന തുടരുകയാണ്. dubaidutyfreetennischampionships.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കാം. 55 ദിർഹം മുതലാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.