ദുബൈ: കോവിഡ് കാലത്തെ മറികടന്ന് ലോകത്ത് ഏറ്റവും വേഗതയിൽ ടൂറിസം രംഗത്ത് മുന്നേറിയ രാജ്യമായി യു.എ.ഇ. അമേരിക്കയടക്കമുള്ള ലോകത്തിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളെ മറികടന്നാണ് രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. 2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യു.എ.ഇ ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങളിൽ 64 ശതമാനം ടൂറിസ്റ്റ് ഒക്യുപെൻസി നിരക്ക് കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഇതേകാലത്ത് യു.എസിൽ 58ശതമാനമാണ് നിരക്ക്. ചൈന(54 ശതമാനം), ബ്രിട്ടൻ (50), തുർക്കി (49), ഫ്രാൻസ് (44), മെക്സിക്കോ (43), സ്പെയിൻ (40), ഇറ്റലി (37), ജർമ്മനി (33), തായ്ലൻഡ് (21) എന്നീ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ യു.എ.ഇക്ക് ബഹുദൂരം പിറകിലാണ്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ 2020ദുബൈയും കോവിഡ് ഭീഷണി വളരെ വേഗത്തിൽ മറികടക്കാനായതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്കിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ തണുപ്പുകാലം ആസ്വദിക്കാൻ ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ യു.എ.ഇയിലേക്ക് ക്ഷണിക്കുന്ന 'യു.എ.ഇയിലേത് ലോകത്തെ ഏറ്റവും മനോഹര ശിശിരം' കാമ്പയിന് തുടക്കമായിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വിവിധ എമിറേറ്റുകളിലെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ച് കാമ്പയിന് ആരംഭം കുറിച്ചത്. രണ്ടാം വർഷമാണ് യു.എ.ഇയിലെ ശിശരകാലത്തെ ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യം വെച്ചാണ് കാമ്പയിൻ നടത്തുന്നത്. ഫെഡറൽ സർക്കാർ വിഭാഗങ്ങളുടെയും പ്രദേശിക ടൂറിസം വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രചാരണം നടക്കുന്നത്. ആഭ്യന്തര ടൂറിസത്തെ പ്രോൽസാഹിപ്പിക്കലാണ് കാമ്പയിനിെൻറ പ്രാഥമിക ലക്ഷ്യം. കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കാമ്പയിനിൽ വിവിധ എമിറേറ്റുകളിലെ പ്രകൃതി സൗന്ദര്യം മറ്റു എമിറേറ്റുകളിലുള്ളവർക്ക് ആസ്വദിക്കാൻ കഴിയണമെന്ന സന്ദേശം പങ്കുവെക്കുന്നു. ഏഴ് എമിറേറ്റുകളിലെയും ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ചെയ്യുന്നത്.
രാജ്യത്തെ ഏഴ് എമിറേറ്റുകൾക്കും സമ്പന്നമായ ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതി, നഗര വാസ്തുവിദ്യ എന്നിവയുണ്ടെന്നും യു.എ.ഇയുടെ പുരാവസ്തു കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ചരിത്രപരമായ ലാൻഡ്മാർക്കുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകുമെന്നും ശൈഖ് മുഹമ്മദ് കാമ്പയിൻ പ്രഖ്യാപിച്ച് വ്യക്തമാക്കിയിരുന്നു. വിൻറർ കാമ്പയിനിെൻറ രണ്ടാം സീസൺ യു.എ.ഇയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യം, പ്രകൃതിദൃശ്യങ്ങളുടെ ഭംഗി, ജനങ്ങളുടെ ആതിഥ്യം എന്നിവ എടുത്തുകാട്ടുന്നതാണ്. ഡിസംബർ 15ന് ആരംഭിച്ച കാമ്പയിൻ 2022 ജനുവരി അവസാനം വരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.