അബൂദബി: പട്ടിണിയും പരിവട്ടവുമായ ജീവിതത്തിൽനിന്ന് മോചനം തേടി ആറാം ക്ലാസ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചാണ് 1972ൽ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ മുളു ബസാർ അമ്പലത്ത് വീട്ടിൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് 13ാം വയസ്സിൽ നാടുവിട്ടത്. പിതൃസഹോദര പുത്രൻ ഖാലിദിെൻറ കൂടെയുള്ള ആ യാത്രക്കൊടുവിൽ അഹ്മദാബാദിലെത്തി.
അഹ്മദാബാദിലെ ഗുപ്തിപൂരിൽ ഖാലിദിന് ബേക്കറി സാധനങ്ങൾ സൈക്കിളിൽ കടകളിൽ എത്തിക്കുന്ന ജോലിയായിരുന്നു. അവിടെയുള്ള ഉഷ ടാക്കീസിനോട് ചേർന്നുണ്ടായിരുന്ന ഉഷ റസ്‌റ്റാറൻറിലെ ജോലിക്കാരനായാണ് മുഹമ്മദിെൻറ മറുനാടൻ ജീവിതം ആരംഭിച്ചത്. 10 ശതമാനം കമീഷൻ വ്യവസ്ഥയിലായിരുന്നു ഈ ജോലി.
അതിനുശേഷം ബോംബെക്കു(മുംബൈ) വണ്ടി കയറി. ഉപ്പയുടെ സഹോദരൻ അബൂബക്കർ അക്കാലത്ത് ബോംബെയിൽ ചെറിയ ബീഡി തട്ടുകടയുമായി കഴിയുകയായിരുന്നു. അവിടെ അദ്ദേഹത്തിനൊപ്പം തെരുവോരക്കച്ചവടം നടത്തി. ഒരു വർഷത്തിനുശേഷം മഹാരാഷ്്ട്രയിലെ ബീവണ്ടി എന്ന സ്ഥലത്തുള്ള ഉമ്മയുടെ സഹോദരൻ മുഹമ്മദിെൻറ ഹോട്ടൽ തേടിപ്പോയി. അവർക്കൊപ്പം രണ്ടുവർഷം അവിടെ ചെലവഴിച്ചു. തിരിച്ചു ബോംബെ നഗരത്തിൽ മടങ്ങിയെത്തി വീണ്ടും കുഞ്ഞാപ്പ അബൂബക്കറിനൊപ്പം കൂടി.
ഇതിനിടയിൽ പാസ്‌പോർട്ട് തരപ്പെടുത്തിയത് അഹ്മദാബാദിൽ നിന്നായിരുന്നു. പിതാവിെൻറ ഇളയ സഹോദരൻ വഴിയാണ് 25,000 രൂപ മുടക്കി യു.എ.ഇയിലെ റാസൽഖൈമയിലെ വിസ തരപ്പെടുത്തിയത്. 1981 ജനുവരിയിലാണ് റാസൽ ഖൈമ വിസയിൽ ഷാർജയിൽ ഇറങ്ങിയത്. ഷാർജ തുറമുഖത്തെ അൽമിയ കെമിക്കൽസ് കമ്പനിയിൽ ലോഡിങ് ആൻഡ് അൺലോഡിങ് ജോലിയിലാണ് ആദ്യം പ്രവേശിച്ചത്. 1986ൽ ഈ ജോലി നഷ്്ടപ്പെട്ടപ്പോൾ ആളുകൾ ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുകൾ ശുചീകരിക്കുന്ന തൊഴിലിൽ ഏർപ്പെട്ടു. 1988ൽ അജ്മാനിൽ ഹോട്ടൽ എടുത്തു. കഷ്ടിച്ച് രണ്ടു വർഷം ഹോട്ടൽ നടത്തിയെങ്കിലും ബാധ്യതയായതോടെ ഈ പരിപാടി ഉപേക്ഷിക്കാൻ നിർബന്ധിതനായി.
ഇതിനിടെ ലഭിച്ച ഡ്രൈവിങ് ലൈസൻസിെൻറ ബലത്തിൽ ദുബൈയിലെ അറബി വീട്ടിലെ ഡ്രൈവറായി ജോലിക്കു കയറി. 1992 അവസാനം ഈ ജോലി വേണ്ടെന്നുവെച്ച് വിസ റദ്ദാക്കി നാട്ടിൽ പോയി. അധികം വൈകാതെ വിവാഹവും കഴിച്ചു. മറ്റൊരു വിസയിൽ അബൂദബിയിലെത്തി. തൊഴിൽ മന്ത്രിയുടെ ഓഫിസ് മാനേജറുടെ വീട്ടിൽ ഡ്രൈവറായി. 2000ത്തിൽ ഈ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഷോപ്പിെൻറ വിസയിലേക്ക് മാറിയെങ്കിലും വരുമാനമൊന്നും ഇല്ലായിരുന്നു. 2001ൽ അബൂദബി ഏവിയേഷനിൽ ബസ് ഡ്രൈവറായി ജോലിക്കു കയറി. 2020 ആഗസ്റ്റ് 19 വരെ ഈ ജോലിയിൽ തുടർന്നു. യു.എ.ഇയിലെ പ്രവാസജീവിതം കൊണ്ട് നാട്ടിലെ ചെറിയ വീട് പുതുക്കിപ്പണിതു. 1979ൽ പിതാവിെൻറ മരണശേഷം മൂത്ത മകൻ മുഹമ്മദ് മുൻകൈയെടുത്താണ് മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചത്. നാലു സഹോദരന്മാർക്ക് ആവശ്യത്തിന് വിദ്യാഭ്യാസം നൽകി. ഇളയ സഹോദരൻ മാത്രമാണ് എം.ബി.എ വരെ പഠിച്ച് വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയതും ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നതും. എട്ടുവർഷം മുമ്പ് സ്വന്തം വീടുവെച്ചു.
തറവാട്ടിൽനിന്നു ഭാര്യയും മക്കളുമായി ഈ വീട്ടിലേക്ക് താമസം മാറി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 12.30ന് അബൂദബിയിൽനിന്നു കൊച്ചിക്കുപോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുകയാണ്. ഇപ്പോൾ 63 വയസ്സായി. ൈകയിൽ വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും അഞ്ചു സഹോദരന്മാരും മൂന്നു സഹോദരികളുമുള്ള കുടുംബത്തിെൻറ അത്താണിയാവാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യമാണ് ഏറ്റവും വലുതായുള്ളത്. ഭാര്യ: ഖദീജ. മക്കൾ: ഫയാസ് (മെക്കാനിക്കൽ എൻജിനീയർ), ഫവാസ് (ബി.കോം പൂർത്തിയാക്കി), ഫർസീൻ (പ്ലസ് വൺ), ഫർഹാൻ (ഏഴാം ക്ലാസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.