ദുബൈ: യു.എ.ഇയിലെ താമസക്കാരുടെ കീശ കാലിയാക്കുന്നത് പ്രധാനമായും വീട്ടുവാടകതന്നെ. മാസവരുമാനത്തിെൻറ 40 ശതമാനത്തോളം വാടക കൊണ്ടുപോകുന്നതായാണ് ഈയടുത്ത് പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. ലോകത്ത് വാടകയിനത്തിൽ ഏറ്റവുമധികം ചെലവുവരുന്ന നാടുകളിൽ നാലാം സ്ഥാനമാണ് യു.എ.ഇക്ക്. 50 വികസിത രാജ്യങ്ങളിലെ മൂന്നു ബെഡ് താമസസ്ഥലങ്ങളുടെ ശരാശരി വാടകനിലവാരം കണക്കിലാക്കിയാണ് money.co.uk എന്ന വെബ്സൈറ്റ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. യു.എ.ഇയിൽ ഓരോ വീട്ടിലും ഏറിയും കുറഞ്ഞും ഈയിനത്തിൽ 40 ശതമാനം വരെ ചെലവ് വരുന്നുണ്ട്. മറ്റു ചെലവുകളെ അപേക്ഷിച്ച് ഇതാണ് ഏറ്റവും പണമാവശ്യമായി വരുന്ന കാര്യമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വിപണിയിൽ മത്സരം കനത്തതോടെ യു.എ.ഇയിൽ വാടക കുറഞ്ഞുവന്നിരുന്നു. എന്നാൽ, എക്സ്പോ അടക്കമുള്ള പരിപാടികൾ ചില ഭാഗങ്ങളിൽ വാടക വർധിപ്പിച്ചിട്ടുണ്ട്. ദുബൈ വിപണിയിൽ നിലവിൽ വില്ലകളുടെ വാടക 4.7 ശതമാനം ഉയർന്നപ്പോൾ അപാർട്മെൻറുകൾക്ക് 10.3 ശതമാനം കുറവാണ് ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കിൽ രേഖപ്പെടുത്തിയത്.
ലോകതലത്തിൽ ഹോങ്കോങ്ങാണ് എറ്റവും കൂടുതൽ വാടക വരുന്ന നഗരം. ഇവിടെ താമസക്കാരുടെ പകുതിയിലേറെ വരുമാനം ഇതിനായി ചെലവഴിക്കേണ്ടി വരുന്നു. സിംഗപ്പൂർ, ഖത്തർ എന്നിവയാണ് പിറകെ വരുന്ന രാജ്യങ്ങൾ. ഇവക്ക് ശേഷമാണ് യു.എ.ഇ പട്ടികയിൽ ഇടം പിടിച്ചത്. കുവൈത്ത്, അയർലൻഡ്, യു.എസ്, ബഹ്റൈൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ സൗദി അറേബ്യയാണ് വാടക കുറഞ്ഞ രാജ്യം. ഇവിടെ വരുമാനമാനത്തിെൻറ 19 ശതമാനമാണ് താമസക്കാർ വാടകക്ക് ചെലവഴിക്കുന്നത്.
ദുബൈ: ചെലവഴിക്കുന്നതിൽ ശ്രദ്ധിക്കുന്ന താമസക്കാർക്കിടയിൽ ഷാർജ തന്നെയാണ് യു.എ.ഇയിലെ ജനപ്രിയ താമസസ്ഥലം. ഈ വർഷം ആദ്യ ആറുമാസത്തിൽ ശരാശരി 11 ശതമാനം വാടക കുറഞ്ഞ എമിറേറ്റിലെ അൽ നഹ്ദ പ്രദേശമാണ് ഏറ്റവും കൂടുതൽ പേരെ ആകർഷിക്കുന്നത്.
നഹ്ദയിൽ സ്റ്റുഡിയോക്ക് 16,000 ദിർഹമും ഒരുബെഡ് മുറിക്ക് 21,000 ദിർഹമും രണ്ട് ബെഡ് റൂമുകൾക്ക് 28,000 ദിർഹമുമാണ് ശരാശരി വാടക. അൽ മജാസ്, മുവൈലിഹ, അൽ ഖാൻ, അൽ ഖാസിമിയ എന്നീ പ്രദേശങ്ങളും വാടകയിൽ ജനപ്രിയ പ്രദേശങ്ങളാണ്. മറ്റൊരു ജനപ്രിയ കേന്ദ്രമായ അജ്മാനിലെ അൽ നുഐമിയ പ്രദേശത്തും നാലു ശതമാനത്തോളം ഇടിവ് വാടകയിനത്തിൽ കാണിച്ചിട്ടുണ്ട്. എന്നാൽ, എമിറേറ്റിലെ മറ്റു പ്രദേശങ്ങളിൽ വാടക കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.