ദുബൈ: നാലുദിവസത്തെ തുടർച്ചയായ മഴക്കുശേഷം രാജ്യത്തെ അസ്ഥിര കാലാവസ്ഥക്ക് ശനിയാഴ്ചയോടെ അറുതിയായി. മിക്ക എമിറേറ്റുകളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചിലയിടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും ശക്തമായ മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ചയും തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. എന്നാൽ, രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അസ്ഥിര കാലാവസ്ഥക്ക് അവസാനമായെന്ന് ആഭ്യന്തര മന്ത്രാലയമാണ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ വകുപ്പുമായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായും കൂടിയാലോചിച്ചാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ പൊലീസ് സംവിധാനങ്ങളും മറ്റു വകുപ്പുകളും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിച്ചതായി മന്ത്രാലയം അറിയിച്ചു.
അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയത്. പലയിടങ്ങളിലും സ്കൂളുകൾ ക്ലാസുകൾ ഓൺലൈനാക്കുകയോ പ്രവൃത്തിസമയം ചുരുക്കുകയോ ചെയ്തിരുന്നു. തിങ്കളാഴ്ച മുതൽ ക്ലാസുകൾ സാധാരണനിലയിലാകുമെന്നാണ് വിവരം. മഴയിൽ പലയിടങ്ങളിലും വെള്ളം നിറഞ്ഞെങ്കിലും വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തി ശനിയാഴ്ച പകലോടെ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഔദ്യോഗിക സംവിധാനങ്ങൾ നൽകുന്ന കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും പൊതുജനങ്ങൾ തുടർന്നും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാർജ: ഷാർജയിൽ കനത്ത മഴയിൽ വെള്ളത്തിനടിയിലായ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാൻ സജ്ജീകരിച്ചത് 185ലധികം ടാങ്കുകളും വാട്ടർ പമ്പിങ് ഉപകരണങ്ങളും. മഴക്കെടുതിയിൽനിന്ന് സംരക്ഷിക്കാൻ സുപ്രീം കമ്മിറ്റി ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണ് ഉപകരണങ്ങളുടെ വിതരണവും വെള്ളം നീക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നത്. വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തി. മറ്റു നാശനഷ്ടങ്ങൾ അറിയിക്കാനും സഹായത്തിനും ഷാർജ മുനിസിപ്പാലിറ്റിയുടെ കാൾ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.