ദുബൈ: കടൽക്ഷോഭം കാരണം ദുരിതമനുഭവിക്കുന്ന തീരദേശങ്ങൾക്ക് പ്രകൃതിദത്ത സംരക്ഷണമൊരുക്കുന്ന പദ്ധതിയുമായി വ്യവസായി രംഗത്ത്.
കാസർകോട് ഉപ്പള സ്വദേശിയായ യു.കെ. യൂസുഫാണ് സ്വന്തം നിലക്ക് രൂപപ്പെടുത്തിയ പദ്ധതി കേരളസർക്കാറിന് മുന്നിൽ സമർപ്പിച്ചത്.
സർക്കാറിന് പണച്ചെലവില്ലാതെ പൈലറ്റ് പ്രോജക്ട് പൂർത്തിയാക്കാനാണ് അനുമതി കാത്തിരിക്കുന്നതെന്നും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ് പദ്ധതിയെന്നും യു.എ.ഇയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യു.കെ. യൂസഫ് എഫക്ട്സ് സീ വേവ് ബ്രേക്കേഴ്സ് എന്ന പേരിട്ട പദ്ധതിക്ക് പേറ്റൻറ് ലഭിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും അനുയോജ്യമായ രീതിയിൽ തീരം സംരക്ഷിക്കുകയാണ് തെൻറ പദ്ധതിയുടെ ലക്ഷ്യം. ഒാരോ വർഷവും 30,000 കോടി രൂപ വരെ കേരളത്തിൽ തീര സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, 4000 കോടി ഉപയോഗിച്ചാൽ തെൻറ പദ്ധതിയിലൂടെ കേരളത്തിലെ തീരങ്ങൾ സംരക്ഷിക്കാനാവും -യു.കെ. യൂസുഫ് അവകാശപ്പെട്ടു.
പദ്ധതി ഭരണപക്ഷ എം.എൽ.എക്കൊപ്പം ഫിഷറീസ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പൈലറ്റ് പ്രോജക്ട് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വദേശമായ ഉപ്പളയിലെ കടൽതീരത്താണ് പ്രാഥമിക പദ്ധതി നടപ്പിലാക്കുക.
ഒരു രൂപ മാത്രമാണ് ഇതിന് സർക്കാറിൽനിന്ന് ചോദിച്ചിട്ടുള്ളത്.
ബാക്കി സ്വന്തം ചെലവിൽ പൂർത്തിയാക്കും. പൈലറ്റ് പദ്ധതി പൂർത്തിയായ ശേഷം പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം കൂടുതൽ നിർമാണത്തിന് അനുമതി നൽകിയാൽ മതിയെന്നാണ് സർക്കാർ അധികൃതരെ ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.