വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി. സുസ്ഥിര പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യം നിരവധി നൂതനമായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍, സര്‍വ പിന്തുണയുമായി ചേര്‍ന്നുനില്‍ക്കുകയാണ് അബൂദബി എമിറേറ്റ്. ഇതിന്റെ ഭാഗമായി മറ്റൊരു കാല്‍വയ്പ്പുകൂടി നടത്തുകയാണ് അധികൃതര്‍. ആദ്യ ഇലക്ട്രിക് മാലിന്യ ശേഖരണ ലോറി അവതരിപ്പിച്ചിരിക്കുകയാണ് അബൂദബി. അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ് പരിസ്ഥിതി സൗഹൃദ ലോറി സംവിധാനിച്ചിരിക്കുന്നത്. റിനൗള്‍ട്ട് ട്രക്സ് മിഡിലീസ്റ്റ്, അല്‍ മസൂദ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് ലോറി ഏര്‍പ്പെടുത്തിയത്. അബൂദബിയിലെ ഗാര്‍ഹിക മാലിന്യമാണ് ലോറി ശേഖരിക്കുക. ലോറിയുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനു പുറമേ ഇവ പോവുന്ന റൂട്ടുകളില്‍ മതിയായ ചാര്‍ജിങ് സ്റ്റേഷനുകള്‍ അധികൃതര്‍ ഉറപ്പുവരുത്തും. റിനൗള്‍ട്ടിന്റെ ഡിവൈഡ് ഇ-ടെക് ലോറി ഇതിനകം യൂറോപ്പില്‍ പ്രകടനമികവ് കാഴ്ചവച്ചുകഴിഞ്ഞു. പാരിസിലും ബാഴ്ലസലോണയിലുമാണ് റിനൗള്‍ട്ടിന്റെ ട്രക്കുകള്‍ നിരത്ത് കീഴടക്കിയിരിക്കുന്നത്. ഇരുനഗരങ്ങളിലും ഇലക്ട്രിക് ലോറികളുടെ ഉപയോഗത്തിലൂടെ പ്രതിവര്‍ഷം നാലായിരം ടണ്ണിലേറെ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുന്നുവെന്നാണ് കണക്ക്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്ററിനിടയ്ക്ക് ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക് ലോറിക്കാവും. 2050ഓടെ കാര്‍ബണ്‍വിമുക്തമാവുകയെന്ന യു.എ.ഇയുടെ വിശാലലക്ഷ്യത്തിന് കരുത്തുപകരുന്ന നടപടിയാണ് അബൂദബിയിലെ പുതിയ ഇലക്ട്രിക് മാലിന്യശേഖരണ ലോറികള്‍. അബൂദബിയിലെ ഉയര്‍ന്ന അന്തരീക്ഷതാപനിലയില്‍ വാഹനത്തിന്റെ പ്രകടനം വിലയിരുത്താന്‍ പരീക്ഷണാര്‍ഥമായിരിക്കും ഇട്രക്ക് ആദ്യഘട്ടത്തില്‍ ഓടുക. ഇതിനു പുറമേ വാഹനമോടുന്ന റൂട്ടുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ അടക്കമുള്ള വെല്ലുവിളികളും അധികൃതര്‍ പരിശോധിക്കും. ഇലക്ട്രിക് ആയതിനാല്‍ തന്നെ വാഹനത്തിന്റെ ഓട്ടം ചെലവുകുറഞ്ഞതായിരിക്കും. 23 ക്യുബിക് മീറ്റര്‍ ആണ് വാഹനത്തിലെ ഗാര്‍ബേജ് കോംപാക്ടറുടെ ശേഷി. അടുത്തിടെ നടന്ന ഇകോവേസ്റ്റ് സമ്മേളനത്തോടനുബന്ധിച്ച് തദ് വീറും അല്‍ മസൂദും ഒപ്പുവച്ച കരാര്‍പ്രകാരമാണ് ഇത്തരം ട്രക്കുകള്‍അബൂദബിയിലെത്തുന്നത്. അല്‍ മസൂദിന്റെ ഡീലര്‍ഷിപ്പിനു കീഴിലാണ് റിനൗള്‍ട്ട് ട്രക്ക്സ് നിര്‍മിച്ചിരിക്കുന്നത്.
ജൂണ്‍ അഞ്ചിന് ലോകം പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍, ഈ രാജ്യത്തിന് മറികടന്ന അനേകം പ്രതിസന്ധികളെക്കുറിച്ചു പറയാനുണ്ട്. ചൂണ്ടിക്കാണിക്കാന്‍ നേടിയെടുത്ത ഒട്ടനവധി പ്രകൃതിമൂല്യങ്ങളുണ്ട്. ലോകം വികസനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പ്രകൃതിചൂഷണങ്ങളെ തടയുകയാണ് ഓരോ പരിസ്ഥിതി ദിനങ്ങളുടെയും സുപ്രധാന ലക്ഷ്യം. ലോകത്തെയാകെ അമ്പരിപ്പിക്കുന്ന വികസനപ്രവൃത്തികള്‍ മരുഭൂമികളില്‍ നടത്തുന്ന അബൂദബി, പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെ പ്രധാന അജണ്ടയായി തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. പാരമ്പര്യത്തെയും സംസ്‌കാരത്തെയും കൈവിടാതെ തന്നെയാണ് ഇമാറാത്ത് ആധുനികതയെ ഉപയോഗപ്പെടുത്തുന്നതും. ജൂണ്‍ അഞ്ച് ലോക പരസ്ഥിതി ദിനമാണെങ്കില്‍, സ്വന്തമായി പരിസ്ഥിതിക്കായി ഒരു ദിനം മാറ്റി വച്ച രാജ്യം കൂടിയാണ് യു.എ.ഇ. 1998 മുതല്‍ എല്ലാ ഫെബ്രുവരിയിലെയും നാലാം തിയ്യതി യു.എ.ഇ. ദേശീയ പരിസ്ഥിതി ദിനമാണ്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അനേകം പദ്ധതികള്‍ രാജ്യം നടപ്പാക്കി വരുന്നുണ്ട്. യു.എ.ഇ. ഗ്രീന്‍ അജണ്ട 2015-2030, നാഷനല്‍ ക്ലൈമറ്റ് ചേഞ്ച് പ്ലാന്‍ 2017-2050, നാഷനല്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ പ്രോഗ്രാം, യു.എ.ഇ. നെറ്റ് സീറോ, യു.എ.ഇ. സര്‍കുലര്‍ ഇകണോമി പോളിസി 2021-2031, നാഷനല്‍ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി ആൻഡ് ആക്ഷന്‍ പ്ലാന്‍, നാഷനല്‍ വൈല്‍ഡ് ലൈഫ് സസ്റ്റൈനബിലിറ്റി പ്രോഗ്രാം തുടങ്ങി എത്രയോ പദ്ധതികളാണ് പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പാക്കി വരുന്നത്. കാലാവസ്ഥാ വ്യതിയാനം ഗണ്യമായി കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുകയും ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി സ്വകാര്യ മേഖലയുമായി സഹകരിച്ച് നിരവധി പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. അമ്പത് പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്. അബൂദബിയിലെ അല്‍ വത്ബ ഡെസേര്‍ട്ട് ഡ്യൂണ്‍ സംരക്ഷിത കേന്ദ്രമാണ് ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ജുബൈല്‍ ദ്വീപില്‍ പത്തുലക്ഷത്തിലധികം കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ചു കഴിഞ്ഞു. 2800 ഹെക്ടറിലാണ് ജുബൈല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ ദ്വീപില്‍ ഭവനപദ്ധതിയും അധികൃതര്‍ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയ വീടുകള്‍ ഇതിനകം വിറ്റുപോവുകയും ചെയ്തു. 2023ഓടെ 300 വില്ലകള്‍ നിര്‍മിക്കാനാണ് അധികൃതരുടെ പദ്ധതി. നാദ് അല്‍ ദാബി ഗ്രാമത്തില്‍ മാത്രമായി 128 വില്ലകളാണ് ഒരുങ്ങുന്നത്.
പരമ്പരാഗത രീതിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദുഷ്‌കരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു കണ്ടല്‍കാടുകളുടെ വിത്തുകള്‍ നട്ടും അബൂദബി വാര്‍ത്തകളിലിടം നേടുകയുണ്ടായി. മിര്‍ഫ ലഗൂണില്‍ 35000ത്തിലേറെ കണ്ടല്‍വിത്തുകളാണ് അബൂദബി വിതറിയത്.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പറക്കല്‍ പരീക്ഷിച്ചു ശ്രദ്ധേ നേടിയതും അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസ് ആണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കി മാതൃകയായതും അബൂദബി എമിറേറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.