ദുബൈ: യു.എ.ഇയിൽ കുറഞ്ഞശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 പേരുടെ പെൺമക്കൾക്ക് ലക്ഷം രൂപയുടെ വീതം സ്കോളർഷിപ്പുമായി സംരംഭകരായ ഹസീന നിഷാദും നിഷാദ് ഹുസൈനും. ബിരുദപഠനത്തിനായാണ് സ്കോളർഷിപ് നൽകുന്നത്.
അർഹരായവർ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷിക്കണം. ‘പെൺകുട്ടികളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ’ എന്ന ആശയം ഉൾക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഇവർ പറഞ്ഞു. നിലവിൽ പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
ഇത്തവണ യു.എ.ഇയിലെ പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യാവലിക്ക് മറുപടി നൽകണം. വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ പരിശോധിച്ചാണ് അർഹരായ 25 പേരെ തിരഞ്ഞെടുക്കുന്നത്.
രക്ഷിതാവിനും മകൾക്കും അപേക്ഷ സമർപ്പിക്കാം. മാർച്ച് എട്ടിന് വനിതദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സ് എം.ഡി ഹസീന നിഷാദും ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.