ദുബൈ: ലോകത്തെ മുഴുവൻ യു.എ.ഇയിലേക്ക് ആകർഷിച്ച എക്സ്പോ 2022 ദുബൈ എന്ന വിശ്വമേളയിലൂടെ രാജ്യത്തിന് പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. എക്സ്പോയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ 2013 മുതൽ 2042 വരെയുള്ള 30 വർഷത്തിൽ യു.എ.ഇയുടെ സമ്പദ് വ്യവസ്ഥക്ക് 154 ശതകോടി ദിർഹം ലഭിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. 2021 ഒക്ടോബറിൽ ആരംഭിച്ച് 2022 മാർച്ചിൽ അവസാനിച്ച ആറുമാസത്തെ മേളയിൽ 200ഓളം രാജ്യങ്ങളുടെ പവലിയനുകളും പരിപാടികളും ഒരുക്കിയിരുന്നു. 2.41കോടി സന്ദർശകർ പങ്കെടുത്ത മേളയുടെ മുമ്പും ശേഷവുമായി 2042 വരെ എല്ലാ വർഷവും 35,000 ജോലികൾ ലഭ്യമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരിപാടികളുടെ സംഘാടനവും ബിസിനസ് സേവനങ്ങളും വഴി 75.5 ശതകോടി ദിർഹം, നിർമാണ രംഗത്തുനിന്ന് 31.9 ശതകോടി ദിർഹം, റസ്റ്റാറന്റുകളും ഹോട്ടലുകളും വഴി 23.1 ശതകോടി ദിർഹം എന്നിങ്ങനെയാണ് സമ്പദ്വ്യവസ്ഥയിലേക്ക് വരുമാനം വന്നുചേരുന്നത്. മൊത്ത മൂല്യത്തിന്റെ നാലിലൊന്ന് പരിപാടിയുടെ മുമ്പുള്ള ഘട്ടത്തിൽത്തന്നെ നേടിക്കഴിഞ്ഞിരുന്നു. മേളയുടെ ആറുമാസക്കാലം 13 ശതമാനം വരുമാനവും ലഭിച്ചു. എന്നാൽ, ബാക്കിവരുന്ന 62 ശതമാനവും സമ്പദ് വ്യവസ്ഥയിലേക്ക് വരുന്നത് വിശ്വമേളക്ക് കൊടിയിറങ്ങിയ ശേഷമുള്ള ഘട്ടത്തിലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
യു.എ.ഇക്കും മേഖലക്കും ലോകത്തിനും ദീർഘകാല സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ ലഭിക്കുന്ന പരിപാടിയാകും എക്സ്പോ എന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും ഇത് കൈവരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്സ്പോ സിറ്റി ദുബൈ അതോറിറ്റി സി.ഇ.ഒയുമായ റീം അൽ ഹാഷിമി പറഞ്ഞു. മഹാമാരിയുടെ സാഹചര്യത്തിലും വാഗ്ദാനം പാലിക്കാൻ നമുക്ക് കഴിഞ്ഞു. ഇപ്പോൾ എക്സ്പോ അവസാനിച്ച് ഒരുവർഷം പിന്നിട്ട ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകളും അതിന്റെ വിജയം സ്ഥിരീകരിക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി അടക്കമുള്ള പരിപാടികൾക്ക് വേദിയാകാനുള്ള ഒരുക്കത്തിലാണ് -അവർ കൂട്ടിച്ചേർത്തു.
എക്സ്പോ 2020ക്ക് വേദിയായ നഗരി എക്സ്പോ സിറ്റിയായി കഴിഞ്ഞ വർഷം തുറന്നിരുന്നു. എക്സ്പോയിലെ പ്രധാന പവലിയനുകളായ അലിഫ്, ടെറ എന്നിവയും നിരീക്ഷണ ഗോപുരവും നിലനിർത്തിയാണ് സന്ദർശകർക്കായി തുറന്നിരുന്നത്. വിശ്വമേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിർത്തിയിരുന്നു. എക്സ്പോയുടെ നെടുംതൂണായ അൽവസ്ൽ ഡോമും ജൂബിലി പാർക്കുമെല്ലാം നിലനിർത്തിയിട്ടുണ്ട്. നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റ് നിലവിൽ ആവശ്യവുമില്ല. പുതിയ രൂപത്തിൽ പ്രവർത്തനം ആരംഭിച്ച എക്സ്പോ വേദി ഇപ്പോൾ വിവിധ പ്രാദേശികവും ലോകോത്തരവുമായ പരിപാടികളുടെ വേദിയാണ്. ഭാവിയിൽ നഗരിയുടെ പരിസരങ്ങളിലായി സുസ്ഥിര മാനദണ്ഡങ്ങൾ പാലിച്ചുള്ള താമസ സ്ഥലങ്ങളും നിർമിക്കുന്നുണ്ട്. ഇതെല്ലാം ഭാവിയിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.