ഇമാറാത്തിലെ ഏറ്റവും കുളിർമ നിറഞ്ഞ ദേശമായാണ് ഹരിതനഗരിയായ അൽഐൻ അറിയപ്പെടുന്നത്. എന്നാൽ ഇക്കുറി അൽഐനും ചുട്ടുപൊള്ളുകയാണ്. ജൂൺ ആറിന് അൽഐനിലെ സ്വൈഹാനിൽ താപനില 51.8 ഡിഗ്രി സെൽഷ്യസ് വരെ എത്തി. സമീപ കാല ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുത്തിയ ഏറ്റവും ഉയർന്ന ജൂൺ മാസ ചൂടാണെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
ചൂടിന്റെ കാഠിന്യംകൊണ്ട് പലരും പുറത്തിറങ്ങാൻ തന്നെ പ്രയാസപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ രണ്ടു തവണയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇത് എക്കാലത്തെയും ചൂടേറിയ വേനലാണെന്ന് പോലും അനുമാനിക്കുന്നുണ്ട്. ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യാൻ ചൂടിൽ മുട്ടപൊരിക്കാൻ ശ്രമിക്കുന്ന തമാശ വിഡിയോകൾ ഷൂട്ട് ചെയ്യാൻ ഇറങ്ങിയവർക്ക് അൽപനേരം കൊണ്ട് ഈ ചൂട് വെറും തമാശയല്ല എന്ന് ബോധ്യപ്പെട്ടു.
ചൂട് അസഹ്യമായതിനാൽ പകൽ പുറത്തിറങ്ങാത്ത കുടുംബങ്ങളും താമസക്കാരുമെല്ലാം വാരന്ത്യസായാഹ്നത്തിൽ കൂട്ടമായി എത്തിയതോടെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും വൻ തിരക്കാണനുഭവപ്പെട്ടത്. ഈ വർഷം ജനുവരി ആദ്യത്തിൽ അൽഐനിലെ രഖ്നയിൽ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായ അനുഭവവും ഉണ്ടായിരുന്നു. ചെടികളും പൂവുകളുമെല്ലാം ഐസിൽ പുതഞ്ഞു നിക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര ലക്ഷണങ്ങളായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ഏറെ കരുതലോടെ പച്ചപ്പ് സംരക്ഷിക്കാൻ ഭരണകൂടവും ജനങ്ങളും പരിശ്രമിക്കുന്നതു കൊണ്ട് മാത്രമാണ് അൽഐന് ഇത്രയെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.