റാസല്‍ഖൈമ: ബാങ്കുകളില്‍നിന്നെന്ന വ്യാജേന ഫോണ്‍ വിളിച്ചും എസ്.എം.എസ്, വാട്സ്ആപ് മുഖേനയും ഉപഭോക്താക്കളുടെ ഡേറ്റകള്‍ ശേഖരിച്ച് പണം കൊള്ളയടിച്ചുവന്ന ഏഴംഗ സംഘത്തെ പിടികൂടിയതായി റാക് പൊലീസ് ഓപറേഷന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരിഖ് മുഹമ്മദ് ബിന്‍ സെയ്ഫ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ശൃംഖലകളിലെ കണ്ണികളായ ഏഷ്യന്‍ വംശജരായ തട്ടിപ്പ് സംഘത്തെ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് വലയിലാക്കിയത്.
റാക് പൊലീസ് ഓപറേഷന് റൂമിൽ ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വന്‍ കുറ്റവാളി സംഘത്തെ കുടുക്കാൻ സഹായിച്ചത്. ബാങ്ക് പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന തട്ടിപ്പ് പ്രതിനിധികള്‍ അപ്ഡേഷന് ആവശ്യത്തിനെന്ന് പറഞ്ഞാണ് വിവരങ്ങള്‍ തേടുന്നത്. അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ്, താമസ, ജോലി വിവരങ്ങള്‍ കൈമാറുന്നതിനിടയില്‍ തന്നെ ഉപഭോക്താക്കള്‍ കവര്‍ച്ചക്ക് വിധേയമാക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
റാസല്‍ഖൈമയിലെ താമസക്കാരനായ ഒരാള്‍ കവര്‍ച്ചക്കിരയാകുന്ന വിവരം അധികൃതരെ അറിയിക്കുകയും ടെക്നിക്കല്‍ ക്രൈം ബ്രാഞ്ച് ഇത് പിന്തുടരുകയും ചെയ്തതോടെയാണ് ഏഴംഗ സംഘത്തെ കുടുക്കാനുള്ള വഴി തെളിഞ്ഞത്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച റാക് ആഭ്യന്തര മന്ത്രാലയം ഷാര്‍ജ പൊലീസുമായി സംയുക്തമായി നടത്തിയ ഓപറേഷനിലൂടെ ഷാര്‍ജയില്‍നിന്നാണ് കുറ്റവാളികളെ പിടികൂടിയത്. ഇവരില്‍നിന്ന് പണവും യു.എ.ഇക്ക് പുറത്തുള്ളവരുടെ പേരിലുള്ള ബാങ്ക് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. ലാപ്ടോപ്പ്, ഡയറി, ടാബ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും സംഘത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും റാക് പൊലീസ് അറിയിച്ചു.
സ്വകാര്യ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേനയും സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡുകളിലും വരുന്ന വിവരങ്ങളുടെ നിജസ്ഥിതി പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ടന്വേഷിച്ചല്ലാതെ ഒരു വിവരവും അപരിചതര്‍ക്ക് കൈമാറാതിരിക്കുകയാണ് തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാനുള്ള പോംവഴിയെന്ന് അധികൃതര്‍ നിർദേശിച്ചു. പരിചയമില്ലാത്തവരുടെ കോളുകളോട് പ്രതികരിക്കാതിരിക്കുക, ഇമെയില്‍, വാട്സ്ആപ്, എസ്.എം.എസ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കുന്നതില് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ബാങ്കുകൾ വ്യക്തിഗത വിവരങ്ങള്‍ തേടിയോ അപ്ഡേറ്റ് ചെയ്യുന്നതിനും ആക്ടിവ് ആക്കുന്നതിനും ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്ന സാമാന്യ വിവരം പൊതുജനങ്ങളിലുണ്ടാകണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.